
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സമ്മർദ്ദം ശക്തമാക്കി കേന്ദ്ര സർക്കാർ. തുടർ നടപടി അറിയിക്കാൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്യും. പി.എം.ശ്രീയിൽ നിന്നും കേരളത്തിന് ഫണ്ട് നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
പി.എം ശ്രീയിൽ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് റിപ്പോർട്ട് നൽകി. ഇതിനിടയിലാണ് കേന്ദ്രം സമ്മർദ്ദം ശക്തമാക്കിയത്. കേരളം ഒപ്പിട്ട കരാർ നിലനിൽക്കുന്നു. തുടർ നടപടി അറിയിക്കാനും സ്‌കൂളുകൾ തുടങ്ങുന്നതടക്കമുള്ള നടപടികളുമായി നീങ്ങാനുമാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന എസ്.എസ്.കെ പ്രോജക്ട് അപ്രൂവൽ യോഗത്തിലും പി.എം ശ്രീയിലെ തുടർ നടപടികൾ അറിയിക്കാൻ കേന്ദ്രം നിർദ്ദേശിച്ചു.
പദ്ധതി നടപ്പാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരും. സംസ്ഥാന സിലബസിൽ തുടർന്നു കൊണ്ട് പദ്ധതി നടപ്പാക്കുന്നതിൽ നിയമോപദേശം തേടും. മറ്റ് ഫണ്ടുകൾ കേന്ദ്രം നൽകില്ലെന്നത് ചൂണ്ടിക്കാട്ടി പദ്ധതി നടപ്പാക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ ലീഗ് ഇതിനോട് യോജിക്കുന്നില്ല.
പി.എം.ശ്രീ ഒപ്പിട്ടതിന് പിന്നാലെ നൽകിയ 99.27 കോടി രൂപ 'സമഗ്ര ശിക്ഷാ കേരള" പദ്ധതിയുടെ വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പി.എം.ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടിക നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂ. ഇത് തയ്യാറാക്കും മുമ്പ് കരാർ മരവിപ്പിക്കാനുള്ള കത്ത് കേരളം നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |