
കൊച്ചി: ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ താത്പര്യം അറിയിച്ച നിക്ഷേപങ്ങളിൽ 60 ശതമാനത്തിലേറെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായമന്ത്രി പി. രാജീവ്. കൂടുതൽ നിക്ഷേപകർ ഉച്ചകോടിക്ക് ശേഷവും താത്പര്യം അറിയിച്ചു. താത്പര്യപത്രം നൽകിയ പദ്ധതികളിൽ രണ്ടാഴ്‌ചയ്‌ക്കകം പ്രാഥമികപരിശോധന നടത്തും.
54 താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. ചർച്ചകളിലൂടെ നടപ്പാക്കാനുള്ള കരാർ ഒപ്പിടും. പരമാവധി പദ്ധതികൾക്ക് അനുമതി നൽകി സമയബന്ധിതമായി നടപ്പാക്കും. ഐ.ടി മേഖലയിലെ ഒഴികെ താത്പര്യപത്രങ്ങൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി. 50 കോടിക്ക് താഴെയുള്ള പദ്ധതിനിർദ്ദേശങ്ങൾ വ്യവസായ ഡയറക്ടറേറ്റ് പരിശോധിച്ച് നടപടിയെടുക്കും. 50 കോടിക്ക് മുകളിലുള്ളവ എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്‌ണന്റെ നേതൃത്വത്തിൽ വ്യവസായ വികസന കോർപ്പറേഷൻ പരിശോധിക്കും.
പദ്ധതികളെ ഏഴു മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേക ഗ്രൂപ്പുകളെ നിയോഗിക്കും. 12 വിദഗ്ദ്ധരെയും പരിശോധനയ്‌ക്ക് നിയോഗിക്കും. പദ്ധതികൾക്ക് അനുമതി നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കും. രണ്ടാഴ്ചതോറും വ്യവസായ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി നടപടികൾ അവലോകനം ചെയ്യും. മാസത്തിലൊരിക്കൽ വ്യവസായമന്ത്രിയും പുരോഗതി വിലയിരുത്തും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് വ്യവസായസംഘടനകളായ സി.ഐ.ഐ, ഫിക്കി, ടൈ, വാണിജ്യ ചേംബറുകൾ തുടങ്ങിയവയുടെ ഭാരവാഹികളുടെ യോഗം അടുത്തയാഴ്ച ചേരും.
സ്ഥലവിവരങ്ങൾ ആപ്പിൽ
ഇൻവെസ്റ്റ് കേരളയ്‌ക്കായി തയ്യാറാക്കിയ ആപ്പിൽ കിൻഫ്ര, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സർക്കാർ ഏജൻസികളുടെ കൈവശം സംരംഭങ്ങൾക്ക് ലഭ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തും. വ്യവസായങ്ങൾക്ക് അനുയോജ്യമായ സ്വകാര്യസ്ഥലങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്താൻ അനുവദിക്കും. സംരംഭകർക്ക് ഉടമകളുമായി കരാറിലേർപ്പെടാം. സംരംഭകരും സ്ഥലമുടമകളും തമ്മിലുള്ള ഇടപാടിൽ സർക്കാർ ഉത്തരവാദിത്വം ഏൽക്കില്ല. വിവരങ്ങൾ നൽകുന്ന ചുമതല മാത്രമാണ് സർക്കാരിന്റേത്. നിക്ഷേപകരിൽ വിശ്വാസം സൃഷ്‌ടിക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞെന്നും സംരംഭകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പുതിയ നിക്ഷേപ നിർദ്ദേശം
രവി പിള്ള ഗ്രൂപ്പ് നിക്ഷേപം 2000ൽനിന്ന് 4000 കോടിയാക്കും
ചെറി ഹോൾഡിംഗ് 500 ദശലക്ഷം ഡോളർ
ഇ.എം കൺസ്ട്രക്ഷൻസ് 2,000 കോടി
സ്‌പോർട്സ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 500 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |