SignIn
Kerala Kaumudi Online
Friday, 23 October 2026 11.41 AM IST

വയനാട് പാക്കേജിന് അനുബന്ധ റിപ്പോർട്ടും നൽകും: മന്ത്രി രാജൻ

minister

തിരുവനന്തപുരം:വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അനുബന്ധ റിപ്പോർട്ട് നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. എന്നാൽ,ഇതിലെ തുക മന്ത്രി വ്യക്തമാക്കിയില്ല. ദുരന്തത്തിലുണ്ടായ നഷ്ടവും പ്രതീക്ഷിത ചെലവുകളും ഉൾപ്പെടുത്തിയാണ് 1202 കോടിയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തിയാണ് നിവേദനം സമർപ്പിക്കാറുള്ളത്.

സംസ്ഥാന ദുരന്തനിവാരണ നിധിയിൽ കേന്ദ്ര വിഹിതമുണ്ട്. അതിന്റെ മാനദണ്ഡപ്രകാരം ഒരു വീട് പൂർണ്ണമായി തകർന്നാൽ 1, 30,000 രൂപയാണ് അനുവദിക്കാറുള്ളത്. ഈ തുക ഒന്നിനും തികയില്ല. ദുരന്തമുണ്ടായി ഇത്ര ദിവസം കഴിഞ്ഞിട്ടും കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമായിട്ടില്ല. ഇതേതുടർന്നാണ് അനുബന്ധ റിപ്പോർട്ട് നൽകിയത്. വ്യക്തമായ ധാരണയിൽ തന്നെയാണ് സർക്കാർ നടപടികൾ കൈക്കൊള്ളുന്നത്. പലപ്പോഴും കാര്യങ്ങൾ മനസിലാക്കാതെയുള്ള പ്രചരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

1500 വീടുകളെങ്കിലും നിർമ്മിക്കേണ്ടിവരുമെന്നാണ് കണക്ക്. ടൗൺഷിപ്പിനായി കൽപ്പറ്റ എസ്റ്റേറ്റിലും മേപ്പാടിയിലുമായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത് ഏറ്റെടുക്കാനുള്ള നടപടികൾക്ക് രൂപരേഖയാവുന്നു. മന്ത്രിസഭയുടെ അംഗീകാരം വേണം. സർക്കാർ ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് സ്ഥലത്തിനും വീടിനും പണം നൽകാനാണ് ആലോചിക്കുന്നത്. സ്ഥലത്തിന് ആറ് ലക്ഷവും വീടിന് നാലു ലക്ഷവുമാണ് നൽകാറുള്ളതെങ്കിലും വയനാട്ടിലെ പ്രത്യേക സാഹചര്യത്തിൽ ഈ തുക കൂട്ടുന്നതും പരിഗണിച്ചേക്കും.

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസത്തിന് അർഹരായവരുടെ കരട് പട്ടിക അടുത്ത മാസം ആദ്യത്തോടെ പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് പരാതി നൽകാനും അവസരമൊരുക്കും. അതുകൂടി പരിശോധിച്ചാവും അന്തിമ പട്ടികയ്ക്ക് രൂപം നൽകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA