
തിരുവനന്തപുരം: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജിയണൽ ഓഫീസ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്കേ നികട് (പി.എഫ് നിങ്ങളുടെ അരിക) എന്ന സമ്പർക്ക പരിപാടി 27ന് തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളിൽ നടക്കും.തിരുവനന്തപുരത്ത് പുളിയറകോണത്തുള്ള തെർമോപെൻപോളിലും, പത്തനംതിട്ടയിൽ റാന്നി തോമ്പിക്കണ്ടം ,റബർ ബോർഡ് സെൻട്രൽ എക്സ്പെരിമെന്റ് സ്റ്റേഷനിലുമാണ് പരിപാടി.
ബോധവത്കരണ ക്ളാസുകൾ, പി.എഫ് കവറേജ്, ഉയർന്ന പെൻഷൻ സംബന്ധിച്ച് തൊഴിലാളികൾ, പെൻഷൻകാർ, തൊഴിലുടമകൾ എന്നിവരുടെ സംശയ നിവാരണം എന്നിവയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായി പരാതി നേരിട്ടോ തപാലായോ ഇ മെയിൽ മുഖേനയോ (rotvm@epfindia.gov.in) യു.എ.എൻ/പി.എഫ് അക്കൗണ്ട് നമ്പർ /പി.പി.ഒ നമ്പർ/മൊബൈൽ നമ്പർ എന്നിവ അടക്കം തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ സമർപ്പിക്കണം. പരാതിയിൽ നിധി ആപ് കേ നികട് എന്ന് പ്രത്യേകം ചേർക്കണം.
കാരുണ്യ
പദ്ധതിക്ക്
300 കോടി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതോടെ ഇതുവരെ കാരുണ്യപദ്ധതിക്ക് നൽകിയ തുക 978.54കോടിയായി. പദ്ധതിക്ക് അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റിൽ 700കോടി വകിയിരുത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ അംഗങ്ങളാണ്.
ഫണ്ട് വെട്ടിക്കൽ:
മധു മുല്ലശേരിക്ക്
മുൻകൂർ ജാമ്യം
കൊച്ചി: തിരുവനന്തപുരം മംഗലപുരത്ത് സി.പി.എം സമ്മേളനത്തിന്റെ ഫണ്ട് വെട്ടിച്ചെന്ന കേസിൽ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്രിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
സി.പി.എം പ്രവർത്തകരുടെ പരാതിയിൽ മധുവിനെതിരെ തട്ടിപ്പിനും വഞ്ചനയ്ക്കുമാണ് മംഗലപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ ആദ്യം പോത്തൻകോട് നടന്ന ഏരിയാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു പിന്നീട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതികളെത്തിയത്. സമ്മേളനച്ചെലവുകൾക്കായി സി.പി.എം കമ്മിറ്റികളിൽ നിന്നും വ്യക്തികളിൽ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |