
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി 2024- 25 ലെ നീറ്റ് പി.ജി അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ സീറ്റുകളിലേക്കുള്ള രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഓൺലൈൻ ചോയ്‌സ് ഫില്ലിംഗ് കൗൺസിലിങ് തീയതികൾ പ്രഖ്യാപിച്ചു. രണ്ടാം റൗണ്ടിൽ പുതുതായി രജിസ്‌ട്രേഷൻ ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ നടത്താം. ചോയ്‌സ് ഫില്ലിംഗ് ഒമ്പതിനു രാത്രി 11.55 വരെ നടത്താം. www.mcc.nic.in.
50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, 100 ശതമാനം ഡീംഡ്, സെൻട്രൽ യൂണിവേഴ്‌സിറ്റി സീറ്റുകൾ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ സീറ്റുകൾ എന്നിവിടങ്ങളിലെ 2024- 25 വർഷത്തേക്കുള്ള ആദ്യ റൗണ്ടിനുശേഷം ഒഴിവുള്ള പി.ജി മെഡിക്കൽ സീറ്റുകളിലേക്കാണ് നീറ്റ് പി.ജി റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്. എം.ഡി, എം.എസ്, ഡി.എൻ.ബി കോഴ്‌സുകളിലേക്കാണ് പ്രവേശനം. മൊത്തം നാലു റൗണ്ട് കൗൺസിലിംഗ് പ്രക്രിയകളുണ്ട്. നാലാമത്തെ റൗണ്ട് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ട്രെ റൗണ്ടും മൂന്നാം റൗണ്ട് മോപ്പ് അപ് റൗണ്ടുമാണ്.
ആദ്യ റൗണ്ടിൽ 24671 പേർക്കാണ് സീറ്റ് അലോട്ട്മെന്റ് അനുവദിച്ചിരുന്നത്. രണ്ടാം റൗണ്ടിൽ ബാക്കിയുള്ള സീറ്റുകൾ, ആദ്യ റൗണ്ടിൽ ഒഴിഞ്ഞു കിടന്ന സീറ്റുകൾ എന്നിവയിലേക്ക് അലോട്ട്മെന്റ് നടത്തും. ഫലം ഡിസംബർ 12 നു പ്രസിദ്ധീകരിക്കും. 26168 എം.ഡി, 13649 എം.എസ്, 922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് നാലു റൗണ്ടുകളിലായി കൗൺസിലിംഗ് പ്രക്രിയ നടത്തുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും, അഖിലേന്ത്യ ക്വോട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും, തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്. www.mcc.nic.in.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ, സ്വാശ്രയ/ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് സംസ്ഥാന തലത്തിൽ പ്രവേശന പരീക്ഷാ മേധാവികൾ പ്രത്യേക കൗൺസിലിംഗ് പ്രക്രിയ നടത്തിവരികയാണ്. സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള പി.ജി മെഡിക്കൽ സീറ്റുകളിലെ അലോട്ട്‌മെന്റ് പ്രക്രിയയുടെ ആദ്യ റൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഡിസംബർ 12 മുതൽ 23 വരെയും, മൂന്നാം റൗണ്ട് ജനുവരി 7 മുതൽ 13 വരെയും, സ്‌ട്രെ റൗണ്ട് ജനുവരി 25 മുതൽ 30 വരെയും നടക്കും. ഫെബ്രുവരി അഞ്ചിനകം പ്രവേശനം നേടണം. www.cee.kerala.gov.in, ww.tnhealth.in.gov.in, www.tnmedicalselection.net.
സംസ്ഥാന പ്രവേശനപരീക്ഷ കമ്മിഷണർ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെറിറ്റ്, എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള തുടർ കൗൺസിലിംഗ് രജിസ്‌ട്രേഷൻ പ്രക്രിയ മേൽസൂചിപ്പിച്ച ഷെഡ്യൂൾ അനുസരിച്ചു നടത്തും. തുടർ റൗണ്ടുകളിലേക്ക് പുതുച്ചേരിയിൽ www.centacpuducherry.in വെബ്‌സൈറ്റ് വഴി ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. കർണ്ണാടക എക്‌സാമിനേഷൻസ് അതോറിറ്റിയിൽ www.kea.kar.nic.in വഴി ചോയ്‌സ് ഫില്ലിംഗ് ചെയ്യാം. തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേയും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |