SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 PM IST

കേരള: നെറ്റും എൻട്രൻസുമില്ലാതെ ഗവ. ഉദ്യോഗസ്ഥർക്ക് പിഎച്ച്.ഡി

phd

തിരുവനന്തപുരം:നെറ്റും (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്)​ യൂണിവേഴ്സിറ്റി നടത്തുന്ന എൻട്രൻസുമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർക്ക് പിഎച്ച്.ഡി പ്രവേശനം നൽകാൻ കേരള സർവകലാശാലയുടെ വഴി വിട്ട നീക്കം. ഇതിനുള്ള അപേക്ഷ 17ന് ചേരുന്ന അക്കാഡമിക് കൗൺസിൽ പരിഗണിക്കും.

നിലവിൽ ഏഴു വർഷം സർവീസുള്ള സർക്കാർ, എയ്ഡഡ് കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകർക്ക് നെറ്റും എൻട്രൻസുമില്ലാതെ പിഎച്ച്.ഡി പ്രവേശനം അനുവദിക്കുന്നുണ്ട്. വി.എസ്.എസ്.സിയടക്കം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾക്കും ഇളവുണ്ട്. . പിഎച്ച്.ഡി പ്രവേശനം നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് യു.ജി.സി നിർദ്ദേശം.

ഏതാനും സർക്കാർ ജീവനക്കാരുടെ അപേക്ഷയിൽ 15ന് ചേർന്ന ഡീൻസ് കൗൺസിൽ ഇളവ് അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് അക്കാഡമിക് കൗൺസിലിലെത്തുന്നത്. അദ്ധ്യാപകർക്ക് പിഎച്ച്.ഡി നേടുന്നതിന് പ്രോത്സാഹനമായാണ് യോഗ്യതായിളവ് . പാർട്ട്ടൈം ഗവേഷണം നടത്തുന്ന ഇവർക്ക് ഫെലോഷിപ്പുകളൊന്നും കിട്ടില്ല. സമാന ഇളവ് ബിരുദാനന്തര ബിരുദമുള്ള സർക്കാരുദ്യോഗസ്ഥർക്കും നൽകാനാണ് നീക്കം. ജോലിയുള്ളവർക്ക് റഗുലർ രജിസ്ട്രേഷൻ നേടിയ ശേഷം പാർട്ട്ടൈമിലേക്ക് മാറാൻ 2022ലെ യു.ജി.സി റഗുലേഷൻ അനുവദിച്ചിട്ടുണ്ട്.

നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപിപ്പോടെ (ജെ.ആർ.എഫ്) നെറ്റ് നേടുന്നവർക്കും നെറ്റ് യോഗ്യത മാത്രം നേടുന്നവർക്കും എൻട്രൻസില്ലാതെ പിഎച്ച്.ഡി പ്രവേശനം നൽകുന്നുണ്ട്. ഇത് രണ്ടുമില്ലാത്ത ബിരുദാനന്തര ബിരുദധാരികളെയും എൻട്രൻസ് പരീക്ഷയിലെ സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പിഎച്ച്.ഡിക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ആകെ ഒഴിവുകളുടെ പകുതിയിലേറെ ഇങ്ങനെയുള്ള പ്രവേശനമാണ്. പരീക്ഷയ്‌ക്ക് 70%വും അഭിമുഖത്തിന് 30%വുമാണ് സ്കോർ. കേരള യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് സ്കോറിന് 2വർഷത്തെ സാധുതയുണ്ട്. ഇതിലൂടെ 'വേണ്ടപ്പെട്ടവരെ' പിഎച്ച്.ഡിക്കാരാക്കുന്നുവെന്ന പരാതിയുണ്ട്. ഇതിനുപുറമെയാണ് സർക്കാരുദ്യോഗസ്ഥർക്കായി യോഗ്യതായിളവും പരിഗണിക്കുന്നത്.

ഗവേഷണത്തിന്റെ

ഗുണം പോവും

പി.ജിക്കാരായ സർക്കാരുദ്യോഗസ്ഥർക്ക് യോഗ്യതായിളവോടെയുള്ള പ്രവേശനം ഗവേഷണത്തിന്റെ ഗുണനിലവാരം ഇടിക്കുമെന്നാണ് ആശങ്ക.

രാഷ്ട്രീയമായി പിടിപാടുള്ളവർക്കും സംഘടനാ സ്വാധീനമുള്ളവർക്കുമെല്ലാം പിഎച്ച്.ഡി പ്രവേശനം തരപ്പെടുത്താം.

സോഷ്യൽ സയൻസിലാണ് ഗവേഷണമേറെയും. ലാംഗ്വേജ്,കോമേഴ്സ്, മാനേജ്മെന്റ്, ഇക്കണോമിക്സ് എന്നിവയിലും ഗവേഷണമേറെയുണ്ട്.

ഗൈഡുമാരുടെ ഒഴിവനുസരിച്ചാണ് പിഎച്ച്.ഡി പ്രവേശനം. പ്രൊഫസർക്ക്-8, അസോ.പ്രൊഫസർക്ക്-6, അസി.പ്രൊഫസർക്ക്-4 വീതം ഗവേഷകരെ ഗൈഡ് ചെയ്യാം. വിരമിച്ചവരെ ഗൈഡുമാരാക്കില്ല. വിരമിക്കുന്നതിന് 3വർഷം മുൻപ് ഗൈഡുമാർ എൻറോൾമെന്റ് നിറുത്തണം.

450

കേരള യൂണിവേഴ്സിറ്റി ഒരു വർഷം നൽകുന്ന പി.എച്ച്.ഡി

3000

കേരളയുടെ പിഎച്ച്.ഡി എൻട്രൻസിന് അപേക്ഷിച്ചവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA