SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

വികസന പ്രൗഢിയിൽ പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക്

pinara

 ഉദ്ഘാടനം ഇന്ന് കാസർകോട്ട്

തിരുവനന്തപുരം: വികസന നേട്ടങ്ങളുടെ പ്രൗഢപാതയിലൂടെ രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്. സർക്കാരിന്റെ നാലാം വാർഷികാഘോഷം കാസർകോട്ട് ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിർമ്മാർജനം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത വർദ്ധിപ്പിക്കൽ തുടങ്ങി നിരവധി മേഖലകളിൽ കൈവരിച്ച പുരോഗതി,​ സാമൂഹിക വിപത്തായ ലഹരിക്കെതിരെ തുടരുന്ന സന്ധിയില്ലാത്ത പോരാട്ടം... ഇതിന്റെയെല്ലാം ഗരിമയോടെയാണ് വാർഷികാഘോഷ പരിപാടികൾ. മേയ് 23 വരെ ജില്ലാതലങ്ങളിലടക്കം വാർഷികത്തിന്റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിക്കും.

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷൻ ചെയ്യും. 2,159 കോടിയാണ് സംസ്ഥാന സർക്കാർ ഇതുവരെ മുടക്കിയത്. പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായിരുന്ന ദേശീയപാതാ വികസനമാണ് മറ്റൊരു സുപ്രധാന നേട്ടം. ദേശീയപാത 66 പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. ഗതാഗതക്കുരുക്കിന്റെ തീരാശാപത്തിൽ നിന്ന് കേരളം മോചനം നേടുകയാണ്. 5,580 കോടിയാണ് സ്ഥലമേറ്റെടുപ്പിന് സംസ്ഥാനം ചെലവിട്ടത്. മലയോര, തീരദേശപാതകളടക്കം കിഫ്ബി വഴി അതിവേഗം വികസിക്കുന്നു.

അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരുന്ന എയ്ഡഡ് വിദ്യാലയങ്ങൾ ഏറ്റെടുത്ത് പുനരുദ്ധരിച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിദ്യാലയങ്ങളാക്കി മാറ്റാനായി. ആരോഗ്യ മേഖലയിൽ,​ നാലുവർഷത്തിനിടെ 30 ലക്ഷം പേർക്ക് 7000 കോടിയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ, റോബോട്ടിക് സർജറികൾ വിജയകരമായി നടക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എം.എസ്.എം.ഇ) പ്രോത്സാഹനവും,​ ഇവ വേഗത്തിൽ തുടങ്ങാനുള്ള കളമൊരുക്കലും ചേർന്നപ്പോൾ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു.

ധനസ്ഥിതിയുടെ പരിമിതി കാരണം,​ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക കൊടുത്തു തീർക്കുന്നതിലുണ്ടായ പാളിച്ച വരുത്തിയ വിമർശനങ്ങൾക്കിടയിലും വികസനരംഗത്ത് കൈവരിച്ച ശ്രദ്ധേയമായ കുതിപ്പാണ് സർക്കാരിന് ആത്മവിശ്വാസം പകരുന്നത്. അർഹമായ കേന്ദ്രസഹായം ലഭ്യമാകാത്തതിനാൽ വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിൽ വന്ന കാലവിളംബവും ആശമാരുടെ സമരവും സർക്കാരിനെ പഴികേൾപ്പിച്ചെങ്കിലും,​ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും,​ ലക്ഷ്യമിട്ട പദ്ധതികൾ ശേഷിക്കുന്ന കാലയളവിൽത്തന്നെ പൂർത്തിയാക്കാനുമുള്ള സന്നാഹത്തിലാണ് സർക്കാരിന്റെ നാലാം വാർഷികത്തുടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA