SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

നയപ്രഖ്യാപനത്തിൽ നയരാഹിത്യം: പിണറായി

a

തിരുവനന്തപുരം: നയപ്രഖ്യാപനം നയരാഹിത്യമെന്നും കേന്ദ്ര അവ​ഗണനയിൽ‌ യു.ഡി.എഫ് സർക്കാരിന് മൗനമെന്നും വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിർദ്ദേശങ്ങളൊന്നുമില്ല. ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സർക്കാരിനെക്കുറിച്ച് പറയേണ്ടത് പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു. ഈ നിലപാട് വർഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്റേതാണ്.

ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെ പേരിനുപോലും വിമർശിക്കുന്നില്ല. യു.ഡി.എഫ് പ്രകടനപത്രികയുടെ ആവർത്തനം നയപ്രഖ്യാപനത്തിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതു സംബന്ധിച്ച ഒരു രൂപരേഖയും പ്രസംഗത്തിലില്ല. കുടുംബശ്രീയിലും കിഫ്ബിയിലും മൗനംപാലിച്ചു.

നരേന്ദ്രമോദിയുടെ ബ്ലൂ ഇക്കോണമിയെയാണോ യു.ഡി.എഫ് സർക്കാർ പിന്തുണയ്ക്കാൻ പോകുന്നതെന്നതിൽ വ്യക്തത വരുത്തണം. 5429 കോടി ഖജനാവിൽ നീക്കിയിരുപ്പു വച്ചാണ് എൽ.ഡി.എഫ് സർക്കാർ പടിയിറങ്ങിയത്. നയപ്രഖ്യാപനത്തിൽ ധവളപത്രത്തെക്കുറിച്ചു പരാമർശമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അപകടകരമായിരുന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരള വികസനത്തിന്റെ ബ്ലൂ പ്രിന്റ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചതാണ്. അത് എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി ഒരു സൂചന പോലുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA