
കൊച്ചി: എസ്റ്റേറ്റ് ലയത്തിലെ പരിമിതികളിൽ കഴിയുമ്പോഴും വളർന്നുപന്തലിക്കുന്ന വൃക്ഷങ്ങൾ അവർ സ്വപ്നം കണ്ടു. കൂലിയുടെ നല്ലപങ്കും ഇതിനായി മാറ്റിവച്ചു.
സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് തണലൊരുക്കുകയാണ് മുണ്ടക്കയം ടി.ആർ ആൻഡ് ടീ തോട്ടം തൊഴിലാളികളായ സുനിലും ഭാര്യ സുഷിതയും. 14 ജില്ലകളിലായി നട്ടുപിടിപ്പിച്ചത് 82,000 വൃക്ഷത്തൈകൾ. ഒടുവിൽ വനമിത്ര അവാർഡ് നൽകി വനംവകുപ്പ് ആദരിച്ചു.
അപ്പർ കുട്ടനാട്ടിലെ പാടത്ത് കൊടുംവെയിലത്ത് പണിയെടുത്തിരുന്ന മുത്തച്ഛനൊപ്പം നിന്ന ഓർമ്മ ഇപ്പോഴും സുനിലിനെ ചുട്ടുപൊള്ളിക്കാറുണ്ട്. മുത്തച്ഛനൊപ്പം ഉച്ചക്കഞ്ഞി കുടിക്കാൻ തണലിനായി സുനിൽ തേടി നടന്നു. ആ അനുഭവങ്ങൾ തൈകൾ നട്ടുപിടിപ്പിക്കുക എന്ന ആഗ്രഹത്തിലേക്ക് വളർന്നു. ഭാര്യയും മക്കളായ അർജ്ജുനും അഭിമന്യുവും ആഗ്രഹത്തിനൊപ്പം ചേർന്നപ്പോൾ അവർ 'പൂമരത്തണൽ പ്രകൃതി കുടുംബം " എന്നറിയപ്പെട്ടു. ഒന്നിച്ച്
യാത്രകൾ ചെയ്ത് തൈകൾ നട്ടു. 2021 ഡിസംബർ 23ന് പമ്പാതീരത്ത് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി തൈകൾ നട്ടാണ് തുടക്കം. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരവായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 'കാവൽ മരം" എന്നപേരിൽ 21,500 തൈകൾ നട്ടു. പി.എഫിൽ നിന്നെടുത്ത 71,000രൂപയുമായി സുഹൃത്തുക്കൾ സമ്മാനിച്ച ഓട്ടോറിക്ഷയിലായിരുന്നു യാത്ര. കാവൽമരം പദ്ധതി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ചു. തണൽ നടാൻ ഉത്സാഹത്തോടെ യാത്ര തുടരുകയാണ് സുനിലും കുടുംബവും.
സുഗത വനവും ഗുരുവൃക്ഷവും
(സുനിലിന്റെ പദ്ധതികളിൽ ചിലത്)
സുഗതകുമാരിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി ലൈബ്രറികളിലും പ്രമുഖരുടെ വസതികളിലും 'സുഗത സൂക്ഷ്‌മവനം"
അങ്കണവാടി മുതൽ കോളേജുകളിൽ വരെ 'അക്ഷരവൃക്ഷം"
ആശുപത്രികളിൽ 'ആതുരവൃക്ഷം"
108 മഹാദേവക്ഷേത്രങ്ങളിൽ 'പൂജാമരം"
മരം നടൂ, തണലുമായി ഫലവുമായെന്ന ശ്രീനാരായണദർശനം പിൻപറ്റി കേരളത്തിലും തമിഴ്നാട്ടിലുമായി 170 ഗുരുമന്ദിരങ്ങളിൽ 'ഗുരുവൃക്ഷം"
'കാവൊരുക്കൽ" എന്ന പേരിൽ സർപ്പക്കാവുകൾ പുനർനിർമ്മിക്കൽ
മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനോട് പൊരുതാനും ഭാര്യയും മക്കളും ഒപ്പമുണ്ട്. അതിനാൽ ഒന്നിനെക്കുറിച്ചും ആശങ്കയില്ല.
- സുനിൽ സുരേന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |