
കോട്ടയം: ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിനും നാട്ടിൽ രക്ഷയില്ല. തട്ടുകടക്കാർ തമ്മിലുള്ള തർക്കത്തിനിടെ എത്തിയ പൊലീസുകാരനെ ക്രിമിനൽക്കേസ് പ്രതി ചവിട്ടിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കോട്ടയം ഏറ്റുമാനൂർ തെള്ളകത്തെ ബാർഹോട്ടലിന് സമീപത്തെ തട്ടുകടകൾക്ക് മുന്നിലായിരുന്നു സംഭവം.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ ഡ്രൈവർ മാഞ്ഞൂർ തട്ടാംപറമ്പിൽ (ചിറയിൽ) ശ്യാംപ്രസാദാണ് (44) മരിച്ചത്. സംഭവത്തിൽ വധശ്രമമടക്കം നിരവധിക്കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് കോക്കാട് ആനിക്കൽ ജിബിൻ ജോർജിനെ (27) അറസ്റ്റു ചെയ്തു. കുടമാളൂർ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ്വീട്ടിലേക്ക് പോകുംവഴി ശ്യാം തട്ടുകടയിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
ഇവിടെയുള്ള രണ്ട് തട്ടുകടകളുടെ ഉടമകളായ സാലി എന്ന സ്ത്രീയും പ്രകാശനും തമ്മിലുണ്ടായ തർക്കത്തിനിടെ പ്രകാശന്റെ സുഹൃത്തായ ജിബിൻ ഇടപെട്ടു. കട ഒഴിയണമെന്ന് സാലിയെ ഭീഷണിപ്പെടുത്തി. ഈസമയം അവിടെയെത്തിയ ശ്യാമിനെക്കണ്ട് പൊലീസ് എത്തിയെന്നും അകത്തുപോകുമെന്നും സാലി പറഞ്ഞു.
തുടർന്ന് ജിബിൻ സാലിയേയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും മർദ്ദിച്ചു. തടയാൻ ശ്രമിച്ച ശ്യാമിനെ ജിബിൻ തള്ളിവീഴ്ത്തി നെഞ്ചിൽ തുടർച്ചയായി ചവിട്ടി. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന കുമരകം എസ്.എച്ച്.ഒ കെ.എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുകണ്ട് വാഹനം നിറുത്തി. പരിക്കേറ്റ് റോഡിൽക്കിടന്ന ശ്യാമിനെ ജീപ്പിൽക്കയറ്റി. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുഴഞ്ഞുവീണു. പുലർച്ചെ മൂന്നോടെ മരിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. നെഞ്ചിനേറ്റ ചവിട്ടിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന ശ്യാം 2020ലാണ് പൊലീസിൽ ചേർന്നത്. പരേതനായ കൃഷ്ണൻകുട്ടിയുടേയും ജാനകിയുടേയും മകനാണ്. ഭാര്യ: അമ്പിളി (സ്വകാര്യ ഹോട്ടൽ ജീവനക്കാരി). മക്കൾ: സ്‌കൂൾ വിദ്യാർത്ഥികളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി.
കോട്ടയം പൊലീസ് ക്ലബിലും വെസ്റ്റ് സ്റ്റേഷനിലും പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കാപ്പ ചുമത്തുന്നതിൽ വീഴ്ച?
തട്ടുകടയുടമ പ്രകാശനും ജിബിനും സുഹൃത്തുക്കളാണ്. സമീപത്തെ സാലിയുടെ തട്ടുകട ഒഴിപ്പിക്കാൻ പ്രകാശൻ ജിബിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിന്റെ സംശയം. അതേസമയം, നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമായ ജിബിനെതിരെ കാപ്പ ചുമത്തുന്നതിൽ പൊലീസിന് വീഴ്ച വന്നതായി ആക്ഷേപമുണ്ട്. ഇയാൾക്കെതിരെ ഏഴ് കേസുകളാണ് നിലവിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |