
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘട്ടനത്തിൽ മരിച്ച മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിൽ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. അക്രമം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്നാണ് നിയമോപദേശം തേടുന്നത്. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പ്രതി ചേർക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ താമരശ്ശേരി എസ്.ഐ എ.സായൂജ്കുമാർ വ്യക്തമാക്കി.രക്ഷിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് ഷഹബാസിന്റെ പിതവ് അടക്കം ആരോപിച്ചിരുന്നു. മേയ് 29-നകം കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുമ്പാകെ കുറ്റപത്രം സമർപ്പിക്കും. അതേ സമയം പ്രതികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് മെറ്റ പ്ലാറ്റ്ഫോമിനോട് തേടിയ ഡിജിറ്റൽ തെളിവുകൾ ഇതുവരെ പൂർണമായി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട സംഘർഷം ആസൂത്രണം ചെയ്തത് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലാണെന്ന വിലയിരുത്തലിനെ തുടർന്ന് മെറ്റയോട് വിവരങ്ങൾ തേടിയത്.കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഒരു മാസം മുമ്പാണ് സഹപാഠികളുടെ മർദ്ദനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ടത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |