SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.33 AM IST

കാവലായി  ദൃശ്യങ്ങൾ,​ മുഖം നഷ്ടപ്പെട്ട്  പൊലീസ്; ഭരണപക്ഷത്തിനും  ആശങ്ക, കടുത്ത നടപടികൾ അനിവാര്യം

READ ENGLISH VERSION

d

തിരുവനന്തപുരം : കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും 'ഏമാൻ'മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ട് കേരള പൊലീസ്.

ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരക്കാരെ സംരക്ഷിച്ചാൽ വലിയവില നൽകേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ ചർച്ചയ്ക്ക് പോയ കൊല്ലം കണ്ണനല്ലൂർ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവിനെ നെടുമ്പന സ്റ്റേഷനിലെ എസ്.ഐ മർദ്ദിച്ച സംഭവം പുറത്തുവന്നതോടെ ഭരണക്ഷിക്കാരും കടുത്ത അമർഷത്തിലാണ്. സജീവ് ഫേസ്ബുക്കിലൂടെ അടുത്തിടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്.

ദൃശ്യമാദ്ധ്യമത്തിനു മുന്നിൽ സംസാരിച്ചുകൊണ്ടിരുന്ന സജീവിനെ പാർട്ടിക്കാർ എത്തി തടഞ്ഞതും സംസാരിക്കാൻ പാടില്ലെന്ന് വിലക്കിയതും പരിഹാസ്യമായി.

ആരോപണവിധേയർക്കെതിരെ ഉടനടി നടപടി ഉണ്ടാകണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സംഘടനാ ബലം ഇക്കൂട്ടർക്ക് തണലാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കസ്റ്റ‌ഡി മർദ്ദനങ്ങൾ പെരുകുമ്പോൾ പ്രതിപക്ഷം വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്.

കുന്നംകുളത്ത് കുറ്റക്കാർ

പുറത്തായേക്കും

തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിന്റെ എല്ലാ ഫയലുകളും കൈമാറാൻ റേഞ്ച് ഡി.ഐ.ജി എസ്. ഹരിശങ്കറിനോട് ഐ.ജി രാജ്പാൽ മീണ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ അടക്കം നാലു പേർക്കും ഐ.ജി കാരണം കാണിക്കൽ നോട്ടീസ് നൽകും. പിരിച്ചുവിടൽ,തരംതാഴ്ത്തൽ തുടങ്ങിയ കടുത്ത നടപടികൾ ആലോചിക്കുന്നുണ്ട്.

പീച്ചിയിൽ അന്വേഷണം

ക്രൈംബ്രാഞ്ചിന്

തൃശൂർ:പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ജീവനക്കാർക്ക് പീച്ചി പൊലീസ് സ്‌റ്റേഷനിൽ മർദനമേറ്റ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം.
പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷ്, സഹോദരപുത്രൻ ജിനീഷ് എന്നിവർ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തർക്കമുണ്ടാക്കി. ഹോട്ടലുകാർ സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ജീവനക്കാർ മർദ്ദിച്ചെന്ന് ആരോപിച്ച് ദിനേഷും ജിനീഷും പരാതി നൽകി.

സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹോട്ടൽ മാനേജർ റോണി ജോണിനെയും ഡ്രൈവർ ലിവിൻ ഫിലിപ്പിനെയും

എസ്.ഐ രതീഷ് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പിന്നാലെ സ്വന്തംവീട്ടിൽ വച്ച് പരാതിക്കാർക്ക് പണം കൈമാറുന്ന ദൃശ്യം ഹോട്ടൽ ഉടമ കെ.പി.ഔസേപ്പ് പുറത്തുവിട്ടു. അഞ്ചു ലക്ഷം നൽകിയെന്നും അതിൽ മൂന്നു ലക്ഷം പൊലീസിനാണെന്ന് ആരാേപിക്കുകയും ചെയ്തു. കൈമാറിയത് അയ്യായിരം രൂപയെന്നാണ് പരാതിക്കാരൻ പറയുന്നത്. ആരോപണ വിധേയനായ എസ്. ഐ രതീഷ് ഇപ്പോൾ കൊച്ചി കടവന്ത്രയിൽ സി. ഐയാണ്.

പുറത്താക്കാൻ ചട്ടമുണ്ട്

1. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാം.

2. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ്‌ജോലിക്ക് 'അൺഫിറ്റാണെങ്കിൽ' 86(സി) ചട്ടപ്രകാരം പുറത്താക്കാം.

3. പൊലീസ് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ചവരുത്തിയാൽ പിരിച്ചുവിടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA