SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

ശ്രീജിത്ത് യൂണിഫോമിൽ വിദേശത്ത്: ഹൈക്കോടതി റിപ്പോർട്ട് തേടി

police

കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തെന്ന പരാതി പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

മലപ്പുറം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവനയുടെ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ഹർജിക്കാരൻ സമർപ്പിച്ച നിവേദനം പരിഗണിച്ച് നിയമപരമായ തീരുമാനമെടുക്കാനാണ് സർക്കാരിനും വിജിലൻസ് ഡയറക്ടർക്കുമുള്ള നിർദ്ദേശം.

എസ്. ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2026 ഫെബ്രുവരിയിൽ ദുബായിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് യൂണിഫോമിൽ അദ്ദേഹം പങ്കെടുത്തതിന്റെ രേഖകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ശ്രീജിത്തിന്റെ സ്വന്തം സ്ഥാപനമാണിതെന്നും ആരോപിച്ചു. ശ്രീജിത്തിന് വിദേശത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സത്യമാണെങ്കിൽ അന്വേഷണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിന്റെ പകർപ്പ് എതിർകക്ഷികൾക്ക് നൽകാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കി.

ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന കാലത്തെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സസ്‌പെൻഷൻ ഫയലുകൾ, ട്രാൻസ്‌ഫർ ഓർഡറുകൾ എന്നിവ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA