SignIn
Kerala Kaumudi Online
Monday, 21 September 2026 2.27 AM IST

ഗ്രൗണ്ടിൽ കഞ്ഞിവച്ചു, പിന്നാലെ കുഴിമാടത്തിൽ കിടന്നു; ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ പുതിയ സമരമുറകൾ

READ ENGLISH VERSION
protest

തിരുവനന്തപുരം: പൊലീസ് സംരക്ഷണയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തം. ടെസ്റ്റുകൾ നടക്കേണ്ടിയിരുന്ന സംസ്ഥാനത്തിലെ പല ഗ്രൗണ്ടുകളിലും വിവിധ തരത്തിലുളള പ്രതിഷേധ രീതികളാണ് സമരക്കാർ സംഘടിപ്പിക്കുന്നത്.

സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും‌ അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥരും മടങ്ങി. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലടക്കമുളള സ്ഥലങ്ങളിൽ സംയുക്തസമിതിയുടെ പ്രതിഷേധമാണുണ്ടായത്.

തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിന് മുൻപിൽ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തൃശൂർ അത്താണിയിൽ പ്രവർത്തകർ കുഴിമാടം നിർമിച്ച് സമരം ചെയ്തു. കൊച്ചിയിലും കോഴിക്കോട്ടും ഇന്ന് ‌ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. താമരശേരിയിലെ സ്വകാര്യ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സമരക്കാർ കഞ്ഞിവച്ച് പ്രതിഷേധിച്ചു. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചതുകൊണ്ടുളള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുളള മിക്ക സംഘടനകളുടെയും തീരുമാനം.

കഴിഞ്ഞ ദിവസമാണ് ‌ ‌ഡ്രൈവിംഗ് ടെസ്റ്റുകൾ പൊലീസ് സംരക്ഷണയിൽ നടത്തുമെന്ന് ഗണേശ് കുമാർ അറിയിച്ചത്.സ്ലോട്ട് ലഭിച്ച അപേക്ഷകർ ടെസ്റ്റിന് ഹാജരാകണം. സ്വന്തം വാഹനവും ഉപയോഗിക്കാം. ബോധപൂർവം മാറിനിന്നാൽ അടുത്ത് ടെസ്റ്റിന് അവസരം കിട്ടാൻ കാലതാമസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ഗ്രൗണ്ടുകൾ അടിയന്തരമായി ഒരുക്കാൻ ആർ.ടി.ഒമാർക്ക് ഗണേശ് കുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ വാടകയ്‌ക്കെടുത്ത് ടെസ്റ്റ് നടത്തണം. ടെസ്റ്റ് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ബാഹ്യശക്തികളുമായി ചേർന്ന് നിസാര കാരണങ്ങൾ പറഞ്ഞ് ടെസ്റ്റിന് എത്തുന്നവരെ മടക്കി അയയ്‌ക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ കർശന നപടിയുണ്ടാവും. സ്ലോട്ടുകൾ ലഭിച്ചവർ വരാതിരുന്നാൽ അവസരം നൽകാൻ വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കാനും ഗണേശ് കുമാർ നിർദ്ദേശിച്ചു. തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടിൽ നിന്ന് സന്നദ്ധത അറിയിക്കുന്നവരിൽ നിന്ന് നിശ്ചിത എണ്ണം അപേക്ഷകരെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING, TEST, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA