SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

അഭിമുഖത്തിലും ക്രമക്കേട് സംശയിച്ച് ഉദ്യോഗാർത്ഥികൾ,​പി.എസ്.സി റാങ്ക് തട്ടിപ്പിൽ ഒത്തുകളിയെന്ന് ആക്ഷേപം

1

ആലപ്പുഴ: കഴിഞ്ഞ ദിവസം പി.എസ്.സി റദ്ദാക്കിയ ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) റാങ്ക് പട്ടികയിൽ ഒത്തുകളി സംശയിച്ച് ഉദ്യോഗാർത്ഥികൾ. നിയമനതട്ടിപ്പാണ് നടന്നതെന്ന ആക്ഷേപവും അവർ ഉയർത്തുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം റാങ്കു കാരനായ ജയലാൽ ഉത്തരസൂചികയ്ക്കായി അപേക്ഷ സമർപ്പിച്ചെങ്കിലും ഒരു വർഷം പിന്നിട്ട് 2026 ജൂൺ 18നാണ് ഉത്തരസൂചിക പി.എസ്.സി ലഭ്യമാക്കിയത്. ഇതേ റാങ്ക് പട്ടികയിലെ മൂന്നാം റാങ്കുകാരനായ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വിഭാഗം ഡെപ്യുട്ടി ഡയറക്ടർ തിരുവനന്തപുരം സ്വദേശി കെ.ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിനായി പി.എസ്.സിയെ സമീച്ചെങ്കിലും സമയപരിധി അവസാനിച്ചിട്ടും മറുപടി നൽകിയില്ല. ഇതോടെയാണ് സംശയം ബലപ്പെട്ടത്.

നാൽപത് മാർക്കിന്റെ അഭിമുഖത്തിൽ അട്ടിമറി നടന്നിട്ടുണ്ടാകാനുള്ള സാധ്യത പലരും സംശയിക്കുന്നു. ഇരുന്നുറ് മാർക്കിലായിരുന്നു എഴുത്ത് പരീക്ഷ. അതിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങളാണ് മൂല്യനിർണയം നടത്തിയില്ലെന്ന് കണ്ടെത്തിയത്. 27.88 ആയിരുന്നു കട്ട് ഓഫ് മാർക്കായി നിശ്ചയിച്ചിരുന്നത്. എഴുത്തുപരീക്ഷയിൽ പിന്നിലായാൽ പോലും അഭിമുഖത്തിൽ സ്വാധീനം ചെലുത്തി റാങ്ക് പട്ടികയിൽ മുന്നിലെത്താനുള്ള സാദ്ധ്യതയും പല ഉദ്യോഗാർത്ഥികളും സംശയിക്കുന്നുണ്ട്. ഒരു വനിതയും ഒൻപത് പുരുഷന്മാരും ഉൾപ്പെടെ പത്ത് പേരുടെ റാങ്ക് പട്ടികയാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശി അരുൺ.ജെ.പ്രതാപിനായിരുന്നു ഒന്നാം റാങ്ക്. ഇദ്ദേഹത്തിന് 2025ൽ തന്നെ നിയമനവും നൽകി.

പോരാടിയത് ഡെപ്യുട്ടി

എക്സിക്യുട്ടിവ് എൻജിനീയർ

ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് അടക്കം മുപ്പത് വർഷമായി സ്ഥിരം പി.എസ്.സി പരീക്ഷകളെഴുതുന്ന അഞ്ചാം റാങ്കുകാരൻ ആലപ്പുഴ മുഹമ്മ വളപ്പിൽ വീട്ടിൽ വി.എസ്.ജയലാലാണ് (49) ഉത്തര സൂചിക പരിശോധിച്ച് പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതായി കണ്ടെത്തിയത്. ഇറിഗേഷൻ വകുപ്പ് ഡെപ്യുട്ടി എക്സിക്യുട്ടിവ് എൻജിനീയറായ ജയലാൽ കൊല്ലം മൈനർ ഇറിഗേഷൻ ഓഫീസിലാണ് ജോലി ചെയ്യുന്നത്.

#എട്ടാമത്തെ ചോദ്യത്തിന് ശേഷം പത്തൊമ്പതാം ചോദ്യത്തിനാണ് മാർക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യമായതോടെ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി, സംസ്ഥാന പ്ലാനിംഗ് ബോർഡ്, പി.എസ്.സി പരീക്ഷാ കൺട്രോളർ, പട്ടികയിൽ ഒന്നാം റാങ്കുകാരനായതോടെ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫായി നിയമിതനായ അരുൺ.ജെ.പ്രതാപ് എന്നിവരെ എതിർകക്ഷികളാക്കി ജൂൺ 23ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഒന്നാം റാങ്കുകാരന്റെ നിയമനം ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് 24ന് ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സി പരീക്ഷാ കൺട്രോളർക്ക് അടക്കം നോട്ടീസ് ഉത്തരവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA