SignIn
Kerala Kaumudi Online
Friday, 23 October 2026 11.16 AM IST

നഴ്സിംഗ് കൗൺസിലിനെതിരെ മാനേജ്മെന്റുകൾ റാഗിംഗ് തടയുന്നതിൽ പരാജയം, പരിശോധന എതിർത്തിട്ടില്ല

ragging

തിരുവനന്തപുരം : സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിലുണ്ടാകുന്ന റാഗിംഗ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ തടയുന്നതിൽ നഴ്സിംഗ് കൗൺസിൽ പരാജയപ്പെട്ടെന്ന് മാനേജ്മെന്റുകൾ. കോട്ടയംസർക്കാർ കോളേജിലെ അതിക്രൂരമായ റാഗിംഗ് പുറത്തുവന്നപ്പോൾ സ്വകാര്യ മാനേജ്മെന്റുകളെ പഴിചാരുന്ന നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ നടപടി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കലാണെന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ കേരളയും ക്രിസ്ത്യൻ നഴ്സിംഗ് കോളേജ് അസോസിയേഷനും ആരോപിച്ചു.

മാനേജ്മെന്റുകളുടെ എതിർപ്പിൽ കോളേജുകളിൽ പരിശോധന നിറുത്തിവച്ചതാണ്

ഇത്തരം സംഭവങ്ങൾ പെരുകാനിടയാക്കിയതെന്ന് നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് വി.സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യൻ നഴ്സിംഗ് കോളേജ് അസോസിയേഷൻ പ്രസിഡന്റ് ഫാ.വിമൽ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.

നഴ്സിംഗ് കോളേജുകളിൽ സർക്കാർ നിയമപരമായപരിശോധന നടത്തുന്നതിൽ മാനേജ്മെന്റുകൾ എതിരല്ല. മുൻകാലങ്ങളിൽ കൗൺസിൽ നിശ്ചയിക്കുന്ന അദ്ധ്യാപക സമിതിയായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇവരുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കുന്നത് കൗൺസിൽ അംഗങ്ങളായിരുന്നു. എന്നാൽ പരിശോധനയ്ക്ക് പോകുന്നതും അന്തിമതീരുമാനമെടുക്കുന്നതും കൗൺസിൽ അംഗങ്ങളായി. ഇതോടെ കൗൺസിൽ അംഗങ്ങൾ മാത്രം എല്ലാം തീരുമാനിക്കുന്ന നിയമവിരുദ്ധമായ നടപടിക്കെതിരെ ആക്ഷേപമുയർന്നു. മന്ത്രി വീണാജോർജ് ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം ബോദ്ധ്യപ്പെട്ടതോടെയാണ് പരിശോധന വിലക്കി ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ഉത്തരവിറക്കിയതെന്നും മാനേജ്മെന്റുകൾ വ്യക്തമാക്കി.

അവിടെയും പഴി മാനേജ്മെന്റുകൾക്ക് !

കോട്ടയം നഴ്സിംഗ് കോളേജിലേത് ഉൾപ്പെടെ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിലുണ്ടായ ഗുരുതരമായ ആറ് റാഗിംഗ് സംഭവങ്ങളും സർക്കാർ മേഖലയിലാണെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം കോളേജിൽ നേരത്തെ സമാനവിഷയമുണ്ടായപ്പോൾ കുറ്റക്കാരെ സംരക്ഷിച്ചവരാണ് തങ്ങളെ വിമർശിക്കുന്നതെന്നും മാനേജ്മെന്റുകൾ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA