SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

സ്കൂളുകളിൽ റാഗിംഗ് തടയാൻ പഞ്ചായത്ത് മെമ്പർ മുതൽ കളക്ടർവരെ # ത്രിതല സെൽ രൂപീകരിക്കും

READ ENGLISH VERSION
ragging

തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ റാഗിംഗ് പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതു തടയാനും ബോധവൽക്കരിക്കാനും

ത്രിതല സംവിധാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

സ്കൂൾ, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ റാഗിംഗ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കും.

സ്കൂൾ സെല്ലിൽ പ്രഥമാദ്ധ്യാപകൻ, പി.ടി.എ പ്രസിഡന്റ്,

സ്കൂൾ ലീഡർ,​ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ​ തദ്ദേശ വാർഡ് മെമ്പർ എന്നിവർ അംഗങ്ങളായിരിക്കും.

പഞ്ചായത്ത് പ്രസിഡന്റിന്റെ മേൽനോട്ടത്തിലാവും പഞ്ചായത്തുതല സെൽ. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പരിധിയിൽ വരും. കളക്ടറും ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെട്ടതാകും ജില്ലാസെൽ.

മൂന്ന് സെല്ലുകളും നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും.

ഉപരിപഠനത്തിലേക്ക് കടക്കുംമുമ്പ് കുട്ടികളിൽ റാഗിംഗ് വിരുദ്ധ മനോഭാവം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി 'കേരളകൗമുദി'യോട് പറഞ്ഞു. സെല്ലുകളുടെ ഘടന,​ പ്രവർത്തനം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തും. റാഗിംഗ് നടന്ന സ്കൂളുകളിൽ അതിലേക്ക് നയിച്ച പശ്ചാത്തലത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മാസത്തിലൊരിക്കൽ

പ്രത്യേക അസംബ്ളി

1. മാസത്തിലൊരിക്കൽ സ്കൂളുകളിൽ പ്രത്യേക അസംബ്ളി ചേർന്ന് റാഗിംഗിനെതിരെ ബോധവത്കരണം നടത്തും

2.കുട്ടികളുടെ മാനസികാവസ്ഥ,​ കുടുംബാന്തരീക്ഷം എന്നിവയും സെല്ലുകൾ പരിശോധിക്കും

3.കുട്ടികളെ കല,​ കായികം തുടങ്ങിയ പാഠ്യേതരമേഖലയിൽ സജീവമാക്കി കുറ്റവാസനകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾക്ക് രൂപം നൽകും

അദ്ധ്യാപക- വിദ്യാർത്ഥി

ബന്ധം ശക്തിപ്പെടുത്തും

അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. കുട്ടികളുടെ വിഷമങ്ങൾ അദ്ധ്യാപകരോട് തുറന്നു പറയാനാവുന്ന തരത്തിൽ ബന്ധം ദൃഢപ്പെടുത്തുകയാണ് ലക്ഷ്യം.

`കുട്ടികളുടെ വിഷമങ്ങളും സമ്മ‌ർദ്ദങ്ങളും സഹാനുഭൂതിയോടെ കേട്ട് പരിഹാരം കാണാനുള്ള ശ്രമം അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകണം.'

-വി.ശിവൻകുട്ടി,

വിദ്യാഭ്യാസമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA