
തിരുവനന്തപുരം: കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ ഒന്നാംവർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളെ റാഗിംഗിന്റെ പേരിൽ ഹോസ്റ്റലിൽ അതിക്രൂരമായി പീഡിപ്പിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്നതിന് ആജീവനാന്ത വിലക്ക്. രോഗീപരിചരണവുമായി ബന്ധപ്പെട്ട നഴ്സിംഗ് മേഖലയിൽ ഇത്തരം ക്രൂരമനസുള്ളവർ ഉണ്ടാകാൻ പാടില്ലെന്ന് വിലയിരുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവാണ് ഉത്തരവിറക്കിയത്. തുടർനടപടിക്ക് നഴ്സിംഗ് കൗൺസിലിന് ശുപാർശ നൽകി.
കേസിൽ പ്രതികളായ രണ്ടാംവർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, ജീവ.എൻ.എസ്, മൂന്നാംവർഷ വിദ്യാർത്ഥികളായ രാഹുൽരാജ് കെ.പി, റിജിൽ ജിത്ത് സി, വിവേക് എൻ.വി എന്നിവർക്കെതിരെയാണ് നടപടി. ഇവരുടെ അഡ്മിഷൻ റദ്ദാക്കി കോളേജിൽ നിന്ന് പുറത്താക്കി. ഇവർ കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും പ്രവേശിക്കാൻ പാടില്ല. പഠനാനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ ഉടൻ റദ്ദാക്കണമെന്നും നിർദ്ദേശിച്ചു. കേസിൽ അറസ്റ്റിലായ അഞ്ചുപേരും റിമാൻഡിലാണ്.
സംഭവത്തെ തുടർന്ന് നാലംഗ അന്വേഷണ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നിർദ്ദേശത്തെ തുടർന്നാണ് വിലക്ക്.
അദ്ധ്യാപകർക്കെതിരെയും അച്ചടക്ക നടപടി വരും
1. കോളേജിലെ ആൻഡി റാഗിംഗ് സ്ക്വാഡ് നിഷ്ക്രിയമായിരുന്നുവെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തി. സ്ക്വാഡിലെ അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും നിർദ്ദേശം
2. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിന് സസ്‌പെൻഷനിലുള്ള കോളേജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ അസി.വാർഡൻ എന്നിവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |