SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

അട്ടിമറി നീക്കമെന്ന് സംശയം , കുണ്ടറ റെയിൽവേ ട്രാക്കിൽ രണ്ടുവട്ടം ടെലിഫോൺ പോസ്റ്റ് വച്ചു

post
കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ടെലിഫോൺ പോസ്റ്റ്

കുണ്ടറ: ട്രെയിനുകൾ കടന്നുപോവുന്ന സമയത്തോടടുത്ത് കുണ്ടറയിൽ ഇന്നലെ പുലർച്ചെ റെയിൽവേ ട്രാക്കിന് കുറുകെ രണ്ടുതവണ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ആദ്യം വഴിയാത്രക്കാരുടെയും രണ്ടാമത് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. പോസ്റ്റ് വച്ച പെരുമ്പുഴ പാലംപൊയ്ക സ്വദേശി രാജേഷ് (33), ഇളമ്പള്ളൂർ സ്വദേശി അരുൺ (39) എന്നിവർ പിടിയിലായി.

ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ പൊട്ടിച്ച് മോഷ്ടിക്കാനാണ് ട്രാക്കിൽ കൊണ്ടിട്ടതെന്ന് അരുണും രാജേഷും പൊലീസിനോട് പറഞ്ഞു. റോഡുവക്കിൽ വച്ച് ചുറ്റികയ്ക്ക് അടിച്ചിട്ടും പൊട്ടാത്തതിനെ തുടർന്നാണ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് മൊഴി. പൊലീസും ആർ.പി.എഫും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല. വിശദാന്വേഷണം നടത്തും.

കുണ്ടറ നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എറണാകുളത്ത് പോയി മടങ്ങിവരികയായിരുന്ന പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പുലർച്ചെ 1.20ന് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടത്. പള്ളിമുക്ക് റെയിൽവേ ഗേറ്റിലെത്തി ഗേറ്റ് കീപ്പർ ആനന്ദിനോട് വിവരം പറഞ്ഞു. അദ്ദേഹം അറിയിച്ച പ്രകാരം എഴുകോൺ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പോസ്റ്റ് മാറ്റിയിട്ടു. സ്ഥലപരിശോധനയ്ക്കായി 4.15 ഓടെ പുനലൂരിൽ നിന്നുള്ള ആർ.പി.എഫ് സംഘം എത്തിയപ്പോൾ വീണ്ടും അതേ സ്ഥലത്ത് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ഉണ്ടായിരുന്നു.

ദുരന്തങ്ങൾ ഒഴിവായി

അർദ്ധരാത്രി 12.15 ഓടെ കൊല്ലത്ത് നിന്ന് പാലരുവി എക്സ്‌പ്രസ് പുനലൂരിലേക്ക് പോയിരുന്നു. യുവാക്കൾ കണ്ടില്ലായിരുന്നെങ്കിൽ 3.35 ഓടെ തിരിച്ചുവരുന്ന ട്രെയിൻ അപകടത്തിൽപ്പെടുമായിരുന്നു. ആർ.പി.എഫ് സംഘം രണ്ടാമത് പോസ്റ്റ് മാറ്റിയിരുന്നില്ലെങ്കിൽ 6.30 എത്തുന്ന ചെന്നൈ എഗ് മോർ എക്സ്‌പ്രസും അപകടത്തിൽപ്പെടുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIL TRACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA