
തിരുവനന്തപുരം: മുൻകേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡന്റാക്കാൻ തീരുമാനിച്ചതിലൂടെ കേരള രാഷ്ട്രീയത്തിൽ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പ്രകാശ് ജാവദേക്കറാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. കേരളത്തിൽ താമര വിരിയാൻ കേന്ദ്രനേതൃത്വം നടപ്പാക്കാൻ ലക്ഷ്യമിടുന്ന രാഷ്ട്രീയപദ്ധതിയുടെ സൂചനയായാണ് ഇതിനെ രാഷ്ടീയ നിരീക്ഷകർ കാണുന്നത്.
സംസ്ഥാന പ്രസിഡന്റാകാൻ താത്പര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിലെ യുവജനങ്ങളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖർ സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നു രാവിലെ 11ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്ന സമ്മേളനം നടക്കുന്നത്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ശശി തരൂരിനെ എതിരിടാൻ കേരളത്തിലെ പ്രമുഖരെ ഒഴിവാക്കി ഇക്കുറി രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നപ്പോൾ തന്നെ കേരളത്തിൽ ഒരു പുതിയ മുഖം വേണമെന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുന്നതായി സൂചനയുണ്ടായിരുന്നു.
പുതിയ പരീക്ഷണം
പതിവ് ബി.ജെ.പി, സംഘപരിവാർ മുഖങ്ങളെ മാറ്റിവച്ച് അരാഷ്ട്രീയ പ്രതിച്ഛായയുള്ളവരെയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയത്. വികസനമായിരുന്നു മുഖ്യപ്രചാരണവിഷയം
11 നിയമസഭ മണ്ഡലങ്ങളിൽ പാർട്ടി ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് 19 നിയമസഭ മണ്ഡലങ്ങളിലാണ് ഒന്നാംസ്ഥാനം നിലനിറുത്താനായത് എന്ന് അറിയുമ്പോഴേ ഇതിന്റെ പ്രാധാന്യം വ്യക്തമാകൂ. പാർട്ടിക്ക് 4% വോട്ട് കൂടുതൽ കിട്ടാനും തൃശൂരിൽ വിജയിക്കാനും ആലപ്പുഴ,ആറ്റിങ്ങൽ മണ്ഡലങ്ങളിൽ 11% വോട്ട് കൂടുതൽ നേടാനും സഹായിച്ചു. രാജീവ് ചന്ദ്രശേഖർ മത്സരിച്ച തിരുവനന്തപുരത്ത് രണ്ടാംസ്ഥാനത്തെത്തി
ഇടതുമുന്നണി വിജ്ഞാനവികസന സങ്കൽപങ്ങളിലേക്കും വ്യവസായകുതിപ്പിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യു.ഡി.എഫിൽ ശശിതരൂരിനെപ്പോലെ ന്യൂജെൻ നേതാക്കളെ മുന്നിൽ നിറുത്തണമെന്ന വാദംശക്തമാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയസമീപനവും ഹൈടെക് പ്രതിച്ഛായയുമുള്ള രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്.
കുടുംബ വേര് ദേശമംഗലത്ത്
തൃശൂർ ദേശമംഗലം സ്വദേശിയും മുൻവ്യോമസേനാ ഉദ്യോഗസ്ഥനുമായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ൽ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റി. ബി.പി.എൽ സ്ഥാപകൻ ടി.പി.ജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. മക്കൾ: വേദ്,വേദിക. ടെലികോം മേഖലയിലേക്ക് ബി.പി.എല്ലിനെ നയിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. 2006 മുതൽ കർണാടകയിൽനിന്ന് തുടർച്ചയായി മൂന്നു തവണ രാജ്യസഭയിലെത്തി. 2021മുതൽ 2024വരെ കേന്ദ്രസഹമന്ത്രിയായിരുന്നു. കേരള എൻ.ഡി.എയുടെ വൈസ് ചെയർമാനായും ബി.ജെ.പി ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |