
കൽപ്പറ്റ: ദുരിതജീവിതം നയിക്കുന്ന ചെറുവയൽ രാമനെ കേൾക്കാൻ ജില്ലയിലെ വിവിധ വകുപ്പുകളുടെ തലവന്മാർ ഇന്നലെ കമ്മനയിലെ ചെറുവയൽ വീട്ടിലെത്തി. 'പദ്മശ്രീ വയറു നിറയ്ക്കില്ല" എന്ന തലക്കെട്ടിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രാമന്റെ സങ്കടങ്ങൾ കേട്ടത്. അമ്പലവയൽ കാർഷിക കോളേജ് ഡീനും അസോസിയേറ്റ് ഡയറക്ടറുമായ ഡോ. യാമിനി വർമ്മ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി.പ്രമോദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, ആത്മ പ്രൊജക്ട് ഡയറക്ടർ ജ്യോതി പി.ബിന്ദു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോദ്.പി.ജെ, കൃഷി ഓഫീസർ സുനിൽ.കെ.ജി, അസി. ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ മനോജ്.ടി.കെ എന്നിവരാണ് രാമനെ സന്ദർശിച്ചത്.
കൃഷിയെ നിലനിറുത്തേണ്ടതും പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കേണ്ടതുമായ കാര്യങ്ങൾ രാമൻ ഉദ്യോഗസ്ഥർക്ക് വിവരിച്ചുനൽകി. രാമന്റെ പ്രശ്നങ്ങൾ മനസിലാക്കി സർക്കാരിന് റിപ്പോർട്ട് നൽകാനാണ് നടപടി. കൃഷിയെക്കുറിച്ചറിയാൻ ദിനംപ്രതി സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ചെറുവയൽ വീട്ടിലെത്തുന്നത്. പാരമ്പര്യമായി കാത്തു സൂക്ഷിക്കുന്ന വീട് നന്നാക്കി, തനിമ നിലനിറുത്തണമെന്നാണ് രാമന്റെ ആവശ്യം. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ അധികാരികളും കഴിഞ്ഞ ദിവസം മാനന്തവാടി കമ്മനയിലെ വീട്ടിലെത്തി 11,000 രൂപ കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |