
തിരുവനന്തപുരം: വീടിനടുത്തുളള പറമ്പിൽ പച്ചക്കറി കൃഷി അത്രയ്ക്കങ്ങ് പച്ച പിടിക്കാതെയായപ്പോൾ വി.എസ്.പദ്മകുമാർ ഭാര്യ കെ.ജി.മിനിയോടു ചോദിച്ചു. ഫ്രൂട്ട്സ് ഐറ്റം വല്ലതും കൃഷി ചെയ്താലോ?. അതിന് അവർതന്നെ ഉത്തരം കണ്ടെത്തി. ശ്രീകാര്യത്തിനടുത്ത് ഇടവക്കോടുള്ള ഒന്നേകാൽ ഏക്കറോളം ഭൂമിയിലെ പപ്പായക്കൃഷി. 'റെഡ് ലേഡി' വിഭാഗത്തിൽപെട്ട പപ്പായ. എട്ടു മാസത്തിന് ശേഷം വിളവെടുത്തു. നാളെ ഉള്ളൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിളവെടുപ്പിൽ കൃഷിമന്ത്രി ടി.സിദ്ദിഖ്, സ്ഥലം എം.എൽ.എയായ വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. തിരുവനന്തപുരം നഗരസഭയിലെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് വി.എസ്.പദ്മകുമാർ. ഭാര്യ കെ.ജി.മിനി റിട്ട. അദ്ധ്യാപികയും. ഉള്ളൂർ കൃഷി ഭവനിലെ അഗ്രികൾച്ചറൽ ഓഫീസർ സ്വപ്നയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി.
നിലം ഒരുക്കൽ, ജലസേചനത്തിന് മോട്ടോറും പൈപ്പും സ്ഥാപിക്കൽ, വളം ഉൾപ്പെടെയുള്ളവയ്ക്കായി 2.9 ലക്ഷം ചെലവായി. മൂന്നു നേരം നേരിയ തോതിൽ ജലസേചനത്തിനായി ടൈമർ ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി. വിളവെടുക്കുമ്പോൾ പത്തുലക്ഷം രൂപയുടെ നേട്ടമുണ്ടാകുമന്നാണ് പ്രതീക്ഷ. തുടർച്ചയായി മൂന്നു വർഷം ഫലം ലഭിക്കും. മൂന്നു വർഷം 30 ടൺ പപ്പായ ലഭിക്കുമെന്നാണ് കൃഷി ഓഫീസർ നൽകിയ ഉറപ്പ്.
ജൈവകൃഷി രീതി മാത്രം
രാസവളങ്ങൾ പ്രയോഗിക്കാതെയായിരുന്നു കൃഷി. ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്... തുടങ്ങിയവ വളമാക്കി. കള വളരാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചു.
റെഡ് ലേഡി പപ്പായ
വിപണി വില ₹80- ₹100
ഒരു പപ്പായയുടെ ശരാശരി
തൂക്കം 2 കി.ഗ്രാം
''വിളവെടുപ്പ് എത്താറാകുമ്പോൾ ഏതൊരു കർഷകനും ഉണ്ടാകുന്ന ആഹ്ളാദമാണ് എനിക്കും. ഔഷധ ഗുണമുള്ള ഫലവർഗമെന്ന നിലയ്ക്കാണ് പപ്പായ കൃഷിയിലേക്ക് കടന്നത്''
- വി.എസ്.പദ്മകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |