
തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷം തീരാൻ ഒരു മാസം ശേഷിക്കെ രജിസ്ട്രേഷൻ വകുപ്പ് വരുമാനം 5,000 കോടി കടന്നു. ഫെബ്രുവരി വരെ ആകെ ലഭിച്ചത് 5,013.67കോടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 346കോടിയുടെ വർദ്ധന. എന്നാൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 16,334 എണ്ണത്തിന്റെ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 8,06,770 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52കോടി സമാഹരിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനമായ 5219.34 കോടി മറികടന്ന് വരുമാനം 5,500 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു.
വ്യാജ തൊഴിൽ പരസ്യങ്ങൾ: ജാഗ്രതാ മുന്നറിയിപ്പുമായി വിഴിഞ്ഞം തുറമുഖ കമ്പനി
തിരുവനന്തപുരം: ചില വ്യക്തികളും സംഘടനകളും ഇമെയിൽ,വാട്സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴിൽ പരസ്യം നൽകി പണം തട്ടുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി വിഴിഞ്ഞം തുറമുഖ കമ്പനി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയെയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാദ്ധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുമെന്നും വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചു.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളിൽപ്പെട്ട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് മാറ്റി
തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഇന്ന് കമ്മിഷൻ ആസ്ഥാനത്ത് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു.
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
തിരുവനന്തപുരം: ലോകായുക്ത തൃശൂരും കോട്ടയത്തും ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. 12ന് തൃശൂർ ഗവ.ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 13ന് കോട്ടയം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 10.30 ന് ആരംഭിക്കുന്ന സിറ്റിംഗിന് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ നേതൃത്വം നൽകും.
ഗർഡറുകൾതകർന്നത്
വിദഗ്ദ്ധസംഘം
അന്വേഷിക്കും
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആലപ്പുഴ ബൈപാസ് നിർമ്മാണത്തിനിടെ നാല് ഗർഡറുകൾ നിലംപൊത്തിയതിന്റെ കാരണം കണ്ടെത്താനാകാതെ ദേശീയ പാത അതോറിട്ടിയും നിർമ്മാണ കമ്പനിയും. പില്ലറുകൾക്ക് മീതെ സ്ഥാപിച്ചതിലുണ്ടായ പിഴവാകാം നാല് ഗർഡറുകളും നിലംപതിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് എൻ.ഐ.ടിയിലെയും എൻ.എച്ച്.എ.ഐയുടെയും സാങ്കേതിക വിദഗ്ദ്ധരുൾപ്പെട്ട സംഘം പരിശോധന നടത്തിയാലേ സ്ഥിരീകരണമുണ്ടാകൂ.
ഗർഡറുകൾ തകർന്നുടഞ്ഞ് കോൺക്രീറ്റ് കൂമ്പാരമായി മാറിയ സ്ഥലം ബന്തവസ് ചെയ്തിരിക്കുകയാണ്. നിർമ്മാണ പ്രവൃത്തികൾ താൽക്കാലികമായി നിറുത്തിവച്ച കമ്പനി സ്ഥലത്ത് താൽക്കാലിക ഷെഡുകളിൽ താമസിച്ചുവന്ന തൊഴിലാളികളെ സുരക്ഷാകാരണങ്ങളാൽ അവിടെ നിന്ന് മാറ്റി. സംസ്ഥാന പൊതുമരാമത്ത് റോഡ്സ്, ബ്രിഡ്ജസ് വിഭാഗം വിദഗ്ദ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്ന് ജില്ലാ കളക്ടർ പൊതുമരാമത്ത് മന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് നൽകി.
87 ലക്ഷം നഷ്ടം
നാല് ഗർഡറുകൾ നിലംപൊത്തിയതിനെ തുടർന്ന് 87ലക്ഷം രൂപയുടെ നഷ്ടം നിർമ്മാണ കമ്പനിയ്ക്കുണ്ടായതായാണ് പ്രാഥമിക കണക്ക്. ഗർഡറുകളും പില്ലറുകളും തമ്മിൽ ബന്ധിപ്പിച്ചതിലുണ്ടായ സാങ്കേതിക പിഴവുകളോ പാലത്തിന് നേരിയ വളവുള്ള പില്ലർ 17നും 18നും ഇടയിലുള്ള സ്ഥലത്ത് പില്ലർ നമ്പർ 21നും 22നും ഇടയ്ക്ക് സ്ഥാപിക്കേണ്ട ഗർഡറുകൾ സ്ഥാപിച്ചതോ ഉൾപ്പെടെയുള്ള പിഴവുകളോ ആകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |