SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

നെല്ലിനങ്ങളുടെ കലവറ ആവാൻ എലപ്പുള്ളി

agri

പാലക്കാട്: അത്യപൂർവങ്ങളായ പരമ്പരാഗത വിത്തിനങ്ങൾ വിളയിച്ച് കാർഷിക സംസ്‌കാരം വീണ്ടെടുക്കുകയാണ് എലപ്പുള്ളി കൃഷിഭവൻ. മാപ്പിളസാമ്പ, ആത്തൂർ കിച്ചലി, കറുപ്പ് കവ്‌നി, കാലാബട്ടി എന്നിങ്ങനെ പത്തിനം നെൽ വിത്തുകളാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ കൃഷിചെയ്ത് നൂറുമേനി വിളയിച്ചത്. ആന്ധ്ര, പശ്ചിമ ബംഗാൾ, ഹൈദരാബാദ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്നതാണിവ.

കർഷകർക്ക് സുസ്ഥിര വരുമാനം ലക്ഷ്യമിട്ട് 2022ലാണ് കൃഷിഭവന്റെ നേതൃത്വത്തിൽ പൈതൃക നെൽവിത്ത് കൃഷി ആരംഭിച്ചത്. തമിഴ്നാട്ടിൽ കല്യാണങ്ങൾക്ക് സ്ത്രീധനമായി നൽകുന്ന വിത്തിനമാണ് മാപ്പിള സാമ്പ. അതാണ് ആദ്യം വിതച്ചത്. ആന്ധ്രാപ്രദേശിലെ 'കാലാബട്ടി' വിത്താണ് ഒടുവിൽ വിളയിച്ചത്. കൃഷിഭവൻ നേരിട്ടാണ് വിത്തെത്തിക്കുന്നത്.

കൊയ്‌തെടുക്കുന്ന നെല്ല് മിൽമയ്ക്ക് ഉൾപ്പെടെ കൈമാറി അരി, അരിപ്പൊടി, അവിൽ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നുണ്ട്.

''നിലവിൽ നാല് ഇനം നെല്ല് മിൽമ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റുന്നുണ്ട്. എലപ്പുള്ളിയെ കേരളത്തിന്റെ ഒരു കാർഷിക ബ്രാൻഡാക്കി മാറ്റണമെന്നാണ് ലക്ഷ്യം.

- ബി.എസ്.വിനോദ്കുമാർ

കൃഷി ഓഫീസർ, എലപ്പുള്ളി



 നെല്ലിനങ്ങളും പ്രത്യേകതകളും

1. മാപ്പിളസാമ്പ: നെൽച്ചെടിക്ക് ആറടിയോളം ഉയരം. അരിക്ക് ചുവന്നനിറം. 160 - 170 ദിവസം മൂപ്പ്.

2. ബിരിയാണിക്കും കഞ്ഞിക്കും ഉപയോഗിക്കും. രാജാക്കന്മാർ ഉപയോഗിച്ചിരുന്നതിനാൽ 'രാജഭോഗം' എന്നും വിളിക്കും. മൂപ്പ് 110 - 130 ദിവസം.

3. തെലങ്കാന സോണ: കീടരോഗ പ്രതിരോധശേഷിയും മികച്ചവിളവും. ഏക്കറിന് 3,500 കിലോയോളം നെല്ലുകിട്ടും. 130 - 140 ദിവസം മൂപ്പ്.

4. തൂയമല്ലി: അരിക്ക് കനംകുറവ്. നല്ല സുഗന്ധം. 130 - 140 ദിവസം മൂപ്പ്.

5. കാട്ടുപൊന്നി: കാവേരി നദീതീരത്ത് കൃഷിചെയ്യുന്ന ഈ ഇനത്തിന് ഔഷധഗുണം കൂടുതലാണ്.

6. കറുപ്പ് കവ്‌നി: ക്ലാസിക്കൽ വെറൈറ്റി എന്നും വിളിക്കും. കറുത്ത അരി. 120- 180 ദിവസം മൂപ്പ്.

7. അറുപതാം കുറുവൈ: 60 - 70 ദിവസംകൊണ്ട് വിളവെടുക്കാം. ചുവന്ന അരി. കുറഞ്ഞ ജലസേചനം.

8. സിന്ധു: ഉയർന്ന വിളവ്. ഏക്കറിന് 3,000 കിലോവരെ നെല്ല് ലഭിക്കും.

9. തിരുപ്പതിസാരം: ഉയർന്ന ചൂടിലും മികച്ചവിളവ്. ഏക്കറിന് 3,200 കിലോവരെ നെല്ല്.

10. കാലാബട്ടി: നെല്ലോലകൾക്ക് ബീറ്റ് റൂട്ടിന്റെ നിറം. ജൈവവളങ്ങളോട് മികച്ച പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA