
|
പാലക്കാട്: സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബി.ജെ.പിയിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പരാജയപ്പെടാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. കസേര കിട്ടിയില്ലെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയിരിക്കുന്നത്. സ്‌നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. കോൺഗ്രസിൽ ചേരാൻ അദ്ദേഹം തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വി.ഡി.സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണുണ്ടായത്. സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടിയെടുത്തതാണ്. അത് ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടായിരുന്നില്ല. എല്ലാവർക്കുമറിയാം. ഞാൻ ആ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തുപറയാതിരുന്നത് രാഷ്ട്രീയപാർട്ടി പുലർത്തേണ്ട സാമാന്യമര്യാദയുടെ പേരിൽ മാത്രമാണ്. അതുകൊണ്ട് വി.ഡി.സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണെന്നും അദ്ദേഹം പറഞ്ഞു. |
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |