SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

യുവതി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ

laiju

പെരുമ്പാവൂർ: കീഴില്ലം ഷാപ്പുംപടിയിൽ പെട്രോൾ പമ്പിന് സമീപം വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനുശേഷം വീട്ടിൽ നിന്ന് കാണാതായ രണ്ടാം ഭർത്താവ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. കീഴില്ലം പണിക്കരമ്പലം കരുന്നാലിൽ ജിബി മോളാണ് (36) മരിച്ചത്.

ഭർത്താവ് കോതമംഗലം കുട്ടമ്പുഴ എടത്തുംകുടി വീട്ടിൽ ലൈജു(56) കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ സഞ്ചരിച്ച ബൈക്കിൽ കുറുപ്പംപടി പട്ടാലിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിടിക്കുകയായിരുന്നു.

ജിബി മോളുടെ കഴുത്തിൽ ബാൻഡേജ് ഉപയോഗിച്ച് മുറുക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 11ആയിട്ടും ഹോട്ടൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ജിബി മോളെ ബോധരഹിതയായി കട്ടിലിൽ കണ്ടെത്തിയത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വേരിക്കോസ് വെയിനിന്റെ ചികിത്സയുടെ ഭാഗമായി ലൈജു രണ്ടാഴ്ചയായി മൂവാറ്റുപുഴ ഗവ. ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പറയപ്പെടുന്നു. ആദ്യ ഭാര്യക്ക് ജീവനാംശം നൽകാത്തതിനെത്തുടർന്ന് ലൈജു കുറേക്കാലം ജയിലിലായിരുന്നു.

വിവാഹമോചിതയായിരുന്ന ജിബി മോളെ പത്തുവർഷം മുമ്പാണ് ലൈജു പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിച്ചു. ജിബി മോളുടെ ആദ്യ വിവാഹത്തിലുള്ള മകൾ അനന്യ ചാലക്കുടിയിലെ ബന്ധുവീട്ടിലാണ് താമസം. ലൈജുവിന്റെയും ജിബി മോളുടെയും മകൻ അർണവ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ലൈജുവിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA