SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

ജാതി പറഞ്ഞ് അധിക്ഷേപം; ഡെന്റൽ വിദ്യാർത്ഥി ജീവനൊടുക്കി, 2 അദ്ധ്യാപകർക്ക് സസ്പെൻഷൻ

s

കണ്ണൂർ: ജാതിയും നിറവും പറഞ്ഞ് അദ്ധ്യാപകർ അധിക്ഷേപിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത് അപമാനഭാരത്താൽ. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയെയും സസ്‌പെൻഡ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ്. രാഖി, നിഖിത എന്നിവർ സഹോദരിമാർ. വാടകക്കെട്ടിടത്തിലാണ് കുടുംബത്തിന്റെ താമസം.

വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്നും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും കുടുംബം ഇന്നലെ ആരോപിച്ചു. പിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ്മണി നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ സമിതിയും രൂപീകരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അദ്ധ്യാപികയാണ് നിതിന് അപകടം പറ്റിയെന്ന് അമ്മ ലതയെ വിളിച്ചറിയിച്ചത്. ഇന്നലെ രാവിലെ കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തി നിതിന്റെ സഹോദരീ ഭർത്താവ് അശോക്‌കുമാർ, മാതൃസഹോദരൻ വിശ്വംഭരൻ, പിതൃസഹോദരൻ വിജയൻ എന്നിവർ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വച്ചു. വെളുപ്പിന് നാട്ടിലെത്തിച്ചു. ഇന്ന് സംസ്കരിക്കും.

ഹോസ്റ്റൽ വാർഡൻ കമലും നിതിനെ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധു പറഞ്ഞു. ആദ്യഘട്ടത്തിൽ റാഗിംഗ് നേരിട്ടെന്ന് നിതിൻ പറഞ്ഞിരുന്നു. പിന്നീട് സീനിയേഴ്സുമായി പ്രശ്നങ്ങളുണ്ടായിട്ടില്ല.

ലോൺ ആപ്പ് ആരോപണം

തെളിവില്ലെന്ന് പൊലീസ്

അതേസമയം, അന്വേഷണത്തെ വഴിതെറ്റിക്കാൻ ആദ്യഘട്ടത്തിൽ കോളേജ് അധികൃതർ ശ്രമിച്ചതായും ആരോപണമുയർന്നു. നിതിൻ ലോൺ ആപ്പിൽ കുടുങ്ങിയെന്നും ആത്മഹത്യയ്ക്ക് കാരണം ഇതാകാമെന്നുമാണ് വെള്ളിയാഴ്ച കോളേജ് അധികൃതർ വിശദീകരിച്ചത്. എന്നാൽ, നിതിന്റെ മുറിയിൽ നിന്ന് ലോൺ ആപ്പ് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചില്ലെന്ന് ചക്കരക്കൽ സി.ഐ ഫക്രുദീൻ പറഞ്ഞു. മൊബൈൽ ഫോണിലും സാമ്പത്തിക ഇടപാടുകളിലേക്ക് നയിക്കുന്ന തെളിവില്ലെന്നാണ് വിവരം. മൊബൈൽ സൈബ‌ർ പൊലീസ് പരിശോധിക്കും. നിതിൻ കോളേജ് ലിഫ്റ്റിൽ മുകളിലേക്ക് പോകുന്ന സി.സി ടിവി ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകരുടെയും സഹപാഠികളുടെയും വിശദ മൊഴിയെടുക്കും.

ലോൺ ആപ്പിന്റെ തെളിവുണ്ടെങ്കിൽ കോളേജ് അധികൃത‌ർ പുറത്തുവിടട്ടെ. അവൻ ജീവനൊടുക്കിയത് വകുപ്പ് മേധാവിയുടെ കടുത്ത പീഡനം കൊണ്ടാണ്

അശോക്‌കുമാർ

(നിതിൻരാജിന്റെ സഹോദരീ ഭ‌ർത്താവ്)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA