SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

വാൽപ്പാറയിൽ വാൻ മറിഞ്ഞ് 9പേർക്ക് ദാരുണാന്ത്യം,​ ഹെയർപിൻ വളവിൽനിന്ന് 800 അടി താഴേക്ക്

s


ദുരന്തത്തിനിരയായത് പാങ്ങ് പാറമ്മൽ ജി.എൽ.പിസ്‌കൂളിലെ 7 അദ്ധ്യാപകർ
അദ്ധ്യാപികയുടെ മകനും പാചകത്തൊഴിലാളിയും അടക്കം മരിച്ചു
നാലു പേർക്ക് പരിക്ക്
3പേരുടെ നില അതീവ ഗുരുതരം

വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയും ഏഴ് അദ്ധ്യാപകരും ഉൾപ്പെടെ ഒമ്പത് മരണം. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം. ടൂറിസ്റ്റ് വാൻ പൂർണമായും തകർന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജി.എൽ.പി സ്‌കൂൾ എച്ച്.എം പുലാന്തോൾ പാലൂർ പരുത്തിയിൽ അജിത (55), അദ്ധ്യാപകരും പാങ്ങ് സ്വദേശികളുമായ വരുപറമ്പിൽ റംല (52), റംലയുടെ മകൻ ഹിഷാം (12 ) സുഹ്റ (43), മജീദ് (43) ഭാര്യ റുഖിയ(39) , ഷക്കീന (37 ),കൊളത്തൂർ സ്വദേശി ആശ (41), പാചക തൊഴിലാളി സാജിദ (45 ) എന്നിവരാണ് മരിച്ചത്.

വാൽപ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയിൽ പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെ വൈകിട്ട് 5.15ന് ആയിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വാൻ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു.

സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ഉല്ലാസയാത്രയ്ക്ക് പോയതായിരുന്നു ഇവർ. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 11 എ.എം 7288 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ട്രാവലറിലാണ് ഡ്രൈവർ ഉൾപ്പെടെ 13അംഗ സംഘം യാത്ര പുറപ്പെട്ടത്. ഇതിൽ രണ്ട് കുട്ടികളുമുണ്ട്. ചാലക്കുടിയിലെത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപ്പാറയിലേക്ക് പോയി. വാൽപ്പാറയിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് അപകടം.

മരിച്ച അജിത രണ്ടുവർഷമായി പ്രധാനാദ്ധ്യാപികയാണ്. അമ്മ: പരുത്തിയിൽ മീനാക്ഷി കുട്ടി (റിട്ട. അദ്ധ്യാപിക) അച്ഛൻ: പരേതനായ കെ.പത്മനാഭൻ നായർ. ഭർത്താവ്: ശിവരഘു ( റിട്ട. സ്പിന്നിംഗ് മിൽ ഉദ്യോഗസ്ഥൻ) മക്കൾ: അഭിരാമി, അവന്തിക.

കൊളത്തൂർ സ്വദേശിനിയായ കൂമുള്ളികളം ആശ (41) ദീർഘകാലമായി ഇവിടെ അദ്ധ്യാപികയാണ്. അച്ഛൻ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ ചന്ദ്രൻ. അമ്മ: ചന്ദ്രമതി. ഭർത്താവ്: ജിതേഷ് .മക്കൾ: ഐശ്വര്യ, അക്ഷര, അശ്വത്.

പതിമൂന്നാം വളവിൽ നിന്ന്

800 അടി താഴേക്ക് വീണു

#സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് വാൽപ്പാറ ഹിൽസ്റ്റേഷൻ. കോയമ്പത്തൂരിൽ നിന്നു 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് വാൽപ്പാറ. ചുറ്റും തേയില തോട്ടങ്ങൾ.

#നാൽപ്പതോളം ഹെയർപിൻ വളവുകളിലൂടെ മുകളിലേക്ക് കയറുമ്പോഴും താഴെ കാഴ്ചകളേറെ. ആളിയാർ അണക്കെട്ട് കാണാം.

# തിരിച്ചിറങ്ങുമ്പോഴാണ് അപകടം. 13ാം വളവിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ പന്ത്രണ്ടാം വളവിലേക്ക് വീണു. അവിടെനിന്ന് തെറിച്ച് പതിനൊന്ന്, പത്ത്, വളവുകളിൽ വീണശേഷമാണ് ഒൻപതാം വളവിൽവന്നു പതിച്ചത്.ഒമ്പതാം വളവിന്റെ സംരക്ഷണ ഭിത്തിയിൽ പകുതി ഭാഗം കൊക്കയിലേക്കും പകുതി റോഡിലേക്കും നിൽക്കുന്ന തരത്തിലാണ് പതിച്ചത്. പതിമൂന്നാം വളവിൽ നിന്ന് ഒൻപതിലേക്ക് എണ്ണൂറാേളം അടിയുടെ വ്യത്യാസമുണ്ട്.

പരിക്കേറ്റവർ

സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39) ഷഹദിൻ(11), മസ്നീൻ (10), ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫാസിത്ത്(22). മസ്നീൻ ഒഴികെ മൂന്ന് പേരുടെയും പരിക്ക് ഗുരുതരമാണ്. മസ്നീനെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. മസ്നീൻ അപകടനില തരണം ചെയ്തിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA