SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

പതിവുപോലെ യാത്രപോയി, പക്ഷേ...

1

പെരിന്തൽമണ്ണ: എല്ലാവർഷവും വേനലവധിയിൽ ഒരുമിച്ച് യാത്ര പോവുന്ന പതിവ് പാങ്ങ് പാറമ്മൽ ജി.എൽ.പി സ്‌കൂളിലെ അദ്ധ്യാപകർക്കുണ്ട്. സ്‌കൂളിലെ ബസ് ഡ്രൈവറും പാചകതൊഴിലാളിയുമടക്കം എല്ലാ ജീവനക്കാരെയും സ്‌നേഹത്തോടെ കൂട്ടിപ്പിടിച്ചാവും അദ്ധ്യാപകരുടെ യാത്ര. ഇത്തവണ ഒന്നിലധികം ദിവസത്തെ യാത്രയായിരുന്നു പദ്ധതിയിട്ടിരുന്നത്. ചില അദ്ധ്യാപകരുടെ അസൗകര്യം മൂലം ഒരുദിവസത്തെ അതിരപ്പിള്ളി, പൊള്ളാച്ചി യാത്രയാക്കി വെട്ടിച്ചുരുക്കി.

ഇന്നലെ പുലർച്ചെ ആറോടെയാണ് പെരിന്തൽമണ്ണ സ്വദേശിയുടെ 16 സീറ്റുള്ള കെ.എൽ 11 എ.എം 7288 നമ്പർ ട്രാവലറിൽ പന്ത്രണ്ടംഗ സംഘം പുറപ്പെട്ടത്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കുട്ടികളടക്കം സംഘത്തിലുണ്ടായിരുന്നു. മറ്റൊരു യു.പി സ്കൂളിലെ കാഴ്ചാപരിമിതിയുള്ള അദ്ധ്യാപകനും ഇക്കൂട്ടത്തിലുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പാങ്ങ് എൽ.പി. സ്കൂളിലെ അദ്ധ്യാപികയാണ്. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ 12 പേരാണ് സ്കൂളിലുള്ളത്. രണ്ട് പേർ പുരുഷന്മാരാണ്. അഞ്ച് അദ്ധ്യാപകർ യാത്ര പോയിട്ടില്ലെന്നാണ് വിവരം.

രാവിലെ 11 മണിയോടെ അതിരപ്പിള്ളിയിലെത്തിയ സംഘം അധികം വൈകാതെ പൊള്ളാച്ചിയിലേക്ക് യാത്ര തിരിച്ചു. കാഴ്ചകൾ ആസ്വദിച്ച് തിരിച്ചുവരുമ്പോഴാണ് ദുരന്തമുണ്ടായത്.

അനൗദ്യോഗിക യാത്രയായതിനാൽ പി.ടി.എ പ്രസിഡന്റിനോട് മാത്രമാണ് വിവരം ധരിപ്പിച്ചിരുന്നത്. ദുരന്തത്തിൽ മരിച്ച ആശ ടീച്ചറുടെ വാട്സ് ആപ്പ് സ്റ്റാറ്റസിലെ മൂന്ന് ഫോട്ടോകളാണ് അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള ആദ്യ വിവരങ്ങളറിയാൻ സഹായിച്ചത്. അപകട വിവരത്തിന് പിന്നാലെ ഫോണിൽ വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. വിവരങ്ങൾ അറിയാതെ ബന്ധുക്കളും നാട്ടുകാരും നെഞ്ചുരുകി.

യാത്ര പോകാതിരുന്ന അദ്ധ്യാപികയും

ടൂർ ഏജൻസിയുമാണ് സംഘത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു നൽകിയത്. അപകടത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച പൊള്ളാച്ചിയിലെ ആശുപത്രികളിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിവിധ സംഘങ്ങൾ പുറപ്പെട്ടു. അതിനിടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെയും പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങളും കോയമ്പത്തൂ‌ർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. രാത്രി വൈകി അവിടെ എത്തിയ ബന്ധുക്കളിൽ നിന്നാണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ അധികൃതർ ഉറപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA