SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

നിരോധന നിയമം ഉടൻ; കേരളത്തിലുണ്ട് 34 തരം ആഭിചാരം, അനാചാരം

black

തിരുവനന്തപുരം: സംസ്ഥാനത്ത് 34 തരത്തിൽപ്പെട്ട ആഭിചാരവും അനാചാരവും അന്ധവിശ്വാസവുമുണ്ടെന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധസമിതി കണ്ടെത്തി. ഇവ നിരോധിക്കാൻ നിയമനിർമ്മാണത്തിന് നടപടി തുടങ്ങി.

ആദ്യഘട്ടമായി പൊതുജനാഭിപ്രായം തേടും. ദുർമന്ത്രവാദത്തെ തുടർന്നുള്ള കൊലപാതകങ്ങളും ആഭിചാരവും വർദ്ധിച്ച സാഹചര്യത്തിലാണ് തടയാൻ നിയമം വരുന്നത്.

ആഭിചാരത്തെയും അനാചാരങ്ങളെയും മൂന്നായി തിരിച്ചിട്ടുണ്ട്. പൈശാചിക പ്രവൃത്തികളാണ് ഒന്നാം വിഭാഗത്തിൽ വരുന്നത്. ദുർമന്ത്രവാദത്തിന്റെ പേരിൽ ശരീരത്തിൽ മുറിവേൽപ്പിക്കൽ, ലൈംഗിക ചൂഷണം, ജീവന് ഭീഷണിയുണ്ടാക്കുന്നവ എന്നിങ്ങനെ പത്ത് പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും. നരബലി, മതപരമായ ആവശ്യങ്ങൾക്കായി അംഗഭംഗം വരുത്തൽ, ആത്മീയ സൗഖ്യത്തിനെന്ന വ്യാജേന ലൈംഗിക പീഡനം, പൂജകളുടെ പേരിൽ ലൈംഗിക ചൂഷണം, ദുർമന്ത്രവാദത്തിന്റെ പേരിൽ മനുഷ്യക്കടത്ത്, ശരീരത്തിൽ മുറിവുകളും പൊള്ളലുമുണ്ടാക്കൽ, ചികിത്സ നിഷേധിക്കൽ എന്നിങ്ങനെ പത്ത് ഇനങ്ങളാണ് ഗുരുതര അനാചാരങ്ങളുടെ വിഭാഗത്തിലുള്ളത്.

രണ്ടാം വിഭാഗത്തിൽ ബാധയൊഴിപ്പിക്കൽ, അതിനായുള്ള ശാരീരിക ഉപദ്രവം, മൃതദേഹാവശിഷ്ടങ്ങളുപയോഗിച്ച് ദുർമന്ത്രവാദം, വിഷം നൽകുക, ശരീരത്തിൽ തുളച്ചുകയറ്റുക, അന്ധവിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കുക, കുടുംബാംഗങ്ങളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക, ആഭിചാരത്തിനുള്ള സ്ഥാപനങ്ങൾ നടത്തുക എന്നിങ്ങനെ 12 ഇനങ്ങൾ ഉൾപ്പെടും.

സാമ്പത്തിക ചൂഷണം, തട്ടിപ്പ്, ഡിജിറ്റൽ രൂപത്തിലെ കൃത്രിമങ്ങൾ എന്നിവയടക്കം 12 ഇനങ്ങളാണ് മൂന്നാം വിഭാഗത്തിൽ. വ്യാജചികിത്സ, ദുരന്തങ്ങൾ വ്യാജമായി പ്രവചിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കൽ, മരിച്ചവരെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ, മന്ത്രവാദത്തിന്റെ പേരിൽ പണവും സ്വത്തും തട്ടിയെടുക്കൽ, ദിവ്യവസ്തുക്കളെന്ന പേരിലുള്ള വ്യാജ വിൽപ്പന, ഡിജിറ്റൽമീഡിയയിലെ വ്യാജപ്രചാരണം, നിരോധിത സേവനങ്ങൾക്കുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയും മൂന്നാം വിഭാഗത്തിലാണ്.

നിയമപരിഷ്കരണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ കെ.ശശിധരൻനായർ, മുൻ ഡി.ജി.പി ജേക്കബ്പുന്നൂസ് എന്നിവരടങ്ങിയ വിദഗ്ദ്ധസമിതിയാണ് അനാചാരങ്ങളുടെ പട്ടികയുണ്ടാക്കിയത്. വിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കുക ശ്രമകരമായതിനാൽ, 2019 ഒക്ടോബറിൽ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മിഷൻ കൈമാറിയ കരടുബിൽ സർക്കാർ 2023 ജൂലായിൽ പിൻവലിച്ചിരുന്നു. വിശ്വാസികൾ എതിരാവുമെന്ന് ഭയന്നായിരുന്നു പിന്മാറ്റം. ഇതിനെതിരെ യുക്തിവാദിസംഘം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കരടുബില്ലുണ്ടാക്കാൻ സമിതി രൂപീകരിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ

നിയമമായി

കർണാടകത്തിൽ ശാസ്ത്രപിൻബലമില്ലാത്ത ആചാരങ്ങൾ ആഭിചാരവും ദുരാചാരവുമാണ്

മഹാരാഷ്ട്രയിൽ ബാധയൊഴിപ്പിക്കൽ, മാന്ത്രികക്കല്ല്, ദിവ്യചികിത്സ എന്നിവയ്ക്ക് 7വർഷം തടവ്

ബീഹാറിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം നിയമവിരുദ്ധം

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ പ്രേതബാധയുടെ പേരിലുള്ള കൈയേറ്റം തടയാൻ നിയമം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA