SignIn
Kerala Kaumudi Online
Sunday, 24 May 2026 1.48 AM IST

'രക്ഷാപ്രവർത്തനം' മുൻ മുഖ്യമന്ത്രിയുടെ അഞ്ച് അംഗരക്ഷകരും പ്രതികൾ

s

ആലപ്പുഴ: നവകേരള ബസിനുനേരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകരായിരുന്ന അഞ്ചു പൊലീസുകാരും പ്രതികൾ. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

എ.ഡി.തോമസ് എം.എൽ.എയ്ക്കും അജയ് ജ്യുവൽ കുര്യാക്കോസിനുമാണ് ക്രൂര മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, അകമ്പടി സുരക്ഷാ സംഘത്തിലെ പൊലീസുകാരൻ സന്ദീപ് എന്നിവരെ നേരത്തെ പ്രതികളാക്കിയിരുന്നു. മർദ്ദനമേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷൈജു, വിപിൻ, അരുൺ എന്നിവരെക്കൂടി പ്രതികളാക്കിയത്.

അഞ്ചുപേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്ത് ഉടൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. അതിനിടെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 26നു കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ അന്വേഷണസംഘം എതിർക്കും.

അഞ്ചുപേരെയും ചോദ്യംചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കും. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്റെ ശ്രമം.

മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. അഞ്ചാം സാക്ഷിയായ ജയ്‌ഹിന്ദ് ചാനൽ ക്യാമറാമാൻ ജോജിയെടുത്ത ദൃശ്യങ്ങൾക്ക് പുറമേ മൂന്നു വേറെ ദൃശ്യങ്ങളും ശേഖരിച്ചു. ദൃക്സാക്ഷികളായ നിരവധി പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ദൃക്സാക്ഷികളില്ലെന്നായിരുന്നു മുൻ അന്വേഷണ റിപ്പോർട്ട്. വ്യാപാരികൾ, ജനറൽ ആശുപത്രിയിൽ അന്നേദിവസം വന്നുപോയവർ, മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ തുടങ്ങിയവരുടെ മൊഴികളും രേഖപ്പെടുത്തും.

എ.ഡി.ജി.പിക്കെതിരെ

പരാതി നൽകും

കേസ് ഡയറി തിരുത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച എ.ഡി.ജി.പി എം.ആർ.അജിത്‌കുമാറിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് എ.ഡി.തോമസും അജയ് ജ്യുവൽ കുര്യാക്കോസും പറഞ്ഞു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA