
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തിച്ചരുമെന്ന കണക്കുകൂട്ടലിൽ മുന്നൊരുക്കങ്ങളുമായി സർക്കാർ. ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും ആവശ്യമായ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലവർഷം എത്തുന്നത് മുന്നിൽകണ്ട് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് എൻ.ഡി.ആർ.എഫിനെ (ദേശീയ ദുരന്ത പ്രതികരണ സേന) നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ കാലവർഷ മുന്നൊരുക്ക യോഗങ്ങൾ ഇതിനകം ചേർന്നുകഴിഞ്ഞു. ദുരിതാശ്വാസ ക്യമ്പുകൾക്കുള്ള സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |