
കൊച്ചി: ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രധാനതെളിവായ മെമ്മറികാർഡും പെൻഡ്രൈവും എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഹൈക്കോടതിയിലേക്കുമാറ്റാൻ ഹൈക്കോടതി ഉത്തരവ്. മുദ്രവച്ചകവറിൽ പ്രത്യേക ദൂതൻവഴി രജിസ്ട്രാർ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. സുരക്ഷിതമായി സൂക്ഷിക്കാൻ നിർദ്ദേശവും നൽകി.
കോടതിയിലിരിക്കെ മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മെമ്മറികാർഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ആവശ്യം അതിജീവിതയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ ശക്തമായി ഉന്നയിച്ചതിനെ തുടർന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതിജീവിതയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിനടക്കം ഒരുമാസത്തെ സമയം അനുവദിച്ചു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ-ഫൊറൻസിക് വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറികാർഡും പെൻഡ്രൈവും കോടതിയിലും ഫോറൻസിക് ലാബിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണയാണ് മെമ്മറികാർഡ് പരിശോധിക്കപ്പെട്ടത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നേരത്തേ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതിലെ അവ്യക്തത മാനസികമായി തളർത്തുകയാണെന്നും പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായിരുന്ന നടൻ ദിലീപിനെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ഒന്നാംപ്രതി പൾസർ സുനിയടക്കമുള്ള ആറുപ്രതികളെ 20 വർഷം തടവിനും ശിക്ഷിച്ചു. ഇതു സംബന്ധിച്ച അപ്പീലുകൾ നിലവിൽ ഹൈക്കോടതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |