SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.27 PM IST

ശബരിമല മേൽശാന്തി നിയമനം: ജസ്റ്റിസ് പദ്‌മനാഭൻ നായർ നിരീക്ഷകൻ

sabarimala


കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കാൻ മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ. പദ്‌മനാഭൻ നായരെ നിരീക്ഷകനായി നിയമിച്ചു. മേൽശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്തംബർ 14, 15 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. ഇതിൽ നിന്നു മികച്ചവരെ കണ്ടെത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവരുടെ പേരുകൾ നറുക്കിട്ടാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്.

ഇന്റർവ്യൂ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ ശബരിമല കമ്മിഷണർ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇന്റർവ്യൂവിന്റെ മാർക്ക് ബോൾപോയിന്റ് പേനയുപയോഗിച്ച് രേഖപ്പെടുത്തണം. മാർക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ഒപ്പുവയ്ക്കണം. ഇതു ദേവസ്വം കമ്മിഷണറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സി.ഡിയും മാർക്ക് ലിസ്റ്റും മുദ്രവച്ച കവറിൽ ഒക്ടോബർ 15 നകം കോടതിയിൽ സമർപ്പിക്കണം. നറുക്കെടുപ്പിന് പത്തുവയസിൽ താഴെയുള്ള ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പന്തളം കൊട്ടാരത്തിലെ സീനിയർ രാജ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ശബരിമലയിലേക്ക് 40 പേരുടെയും മാളികപ്പുറത്തേക്ക് 30 പേരുടെയും പട്ടികയാണ് വിജിലൻസ് എൻക്വയറിയടക്കം പൂർത്തിയാക്കി അഭിമുഖ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയത്. വിജിലൻസ് അന്വേഷണത്തെ തുടർന്ന് ഒഴിവാക്കിയ അപേക്ഷകർ നൽകിയ അപ്പീലുകളിൽ ചിലരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA