
തിരുവനന്തപുരം: ക്രിമിനലുകളെ ചങ്ങലയ്ക്കിടേണ്ട പൊലീസ് ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച അവസ്ഥയിലെന്ന് പ്രതിപക്ഷം. നന്മകൾ ചെയ്ത് ജനകീയസേനയെന്ന പേര് പൊലീസ് അന്വർത്ഥമാക്കുന്നെന്ന് മുഖ്യമന്ത്രി.
തുടർച്ചയാവുന്ന പൊലീസ് വീഴ്ചയും അതിക്രമവും ചൂണ്ടിക്കാട്ടി നിയമസഭയിൽ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയ നോട്ടീസവതരിപ്പിച്ചപ്പോഴാണ് രൂക്ഷ വാദപ്രതിവാദങ്ങളുണ്ടായത്. ജനജീവിതം ഗുണ്ടകളുടെ കഠാരത്തുമ്പിലാണ്. നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ക്രമസമാധാനനില ഇതുവരെ ഇത്രയും മോശമായിട്ടില്ലെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി. മുംബയ് അധോലോകത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നു. കൈക്കൂലി ഡിജിറ്റലായി.
ജീവൻ അപകടത്തിലാണെന്ന് പെൺകുട്ടികൾ പരാതിപ്പെട്ടാലും നടപടിയെടുക്കുന്നില്ലെന്ന് സതീശൻ പറഞ്ഞു. അതിനുപോലും മനസാക്ഷി ഇല്ലാത്തവരായി പൊലീസ് മാറിയോ? പത്തനംതിട്ടയിൽ ജീപ്പിൽവന്നിറങ്ങിയ പൊലീസ് കണ്ണിൽക്കണ്ടവരെയൊക്കെ ആക്രമിച്ചു. ഒരു സ്ത്രീയെ നിലത്തിട്ടു ചവിട്ടി. കുഞ്ഞുങ്ങളെ എടുത്ത് നിൽക്കുന്നവരെയും തല്ലി. കാഴ്ച നഷ്ടപ്പെട്ടോ പൊലീസിന്? പൊലീസാണോ ലഹരിയിലായിരുന്നതെന്ന് അന്വേഷിക്കണം.
നെന്മാറയിൽ വിഴ്ചപറ്റി;
നടപടിയുമെടുത്തു
നെന്മാറയിലും പത്തനംതിട്ടയിലും പൊലീസിന് വീഴ്ചപറ്റിയെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുത്തെന്നും മുഖ്യമന്ത്രി മറുപടി നൽകി. എന്നുവച്ച് ഈ സംഭവങ്ങളെ പൊതുവത്കരിച്ച് പൊലീസിനെതിരെ പ്രചാരണം നടത്തരുത്. കോടതി ജാമ്യംനൽകിയ ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാനാവുമോ? പൊലീസിന്റെ തെറ്റായ പ്രവൃത്തികൾ ന്യായീകരിക്കില്ല. തെറ്റ് ചെയ്താൽ കർശന നടപടിയുണ്ടാവും. ഒരു ഡിവൈ.എസ്.പി മദ്യപിച്ച് വണ്ടിയോടിച്ചാൽ പൊലീസുകാരാകെ മദ്യപിക്കുന്നവരാവുമോ? പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു. ക്രമസമാധാനനില ഏറ്റവും ഭദ്രം കേരളത്തിലാണ്. കൈക്കൂലി ഡിജിറ്റലൈസ് ചെയ്തെന്ന് പറഞ്ഞത് വയനാടിനെ നോക്കിയായിരിക്കും. പൊലീസിന്റെ നിയമപരമായ നടപടികൾക്ക് പിന്തുണയുണ്ടാവും. വീഴ്ചകൾ മറച്ചുവച്ചിട്ടില്ല.
പൊലീസ്-ഗുണ്ടാ അവിശുദ്ധ
ബന്ധത്തിന് സംരക്ഷണം
എല്ലായിടത്തും ഗുണ്ടകളുടെ സ്വൈരവിഹാരമാണെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. പൊലീസ് കണക്കനുസരിച്ച് രണ്ടായിരത്തിലേറെ ഗുണ്ടകളുണ്ട്. പൊലീസ്-ഗുണ്ടാ അവിശുദ്ധ ബന്ധമാണ്. ഗുണ്ടാപാർട്ടിയിൽ പൊലീസ് മുഖ്യാതിഥിയാവുന്നു. ഗുണ്ടകളുടെ ജില്ലാ, സംസ്ഥാന സമ്മേളനവും നടത്താം. പ്രധാന ജംഗ്ഷനിൽ കാറിട്ടിട്ട് ബോണറ്റിൽ കേക്കുമുറിച്ച് ഗുണ്ടകൾ ജന്മദിനാഘോഷം നടത്തുന്നു. മന്ത്രി വീണ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആളാണിത്. ഗുണ്ടാബന്ധമുള്ള 14 പൊലീസുകാരെ തിരിച്ചെടുത്തു. 18 പേർ ഇപ്പോഴും സേനയിൽതുടരുന്നു. ഗുണ്ടകൾക്ക് രാഷ്ട്രീയസംരക്ഷണം നൽകുകയാണ് സർക്കാർ. പൊലീസിനെ അഴിച്ചുവിടരുത്. ലഹരിക്കേസുകളിൽ നടപടിക്രമം പാലിക്കാത്ത അന്വേഷണം കാരണം പ്രതികൾ രക്ഷപെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |