SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

സഞ്ജുവിനും ധോണിക്കും മലയാളിയുടെ കുപ്പായം, ചെന്നൈ സൂപ്പർ കിംഗ്സിന് സ്പോർട്‌സ്‌വെയർ ഒരുക്കുന്നത് തലസ്ഥാനത്തെ സംരംഭകൻ

ra

തിരുവനന്തപുരം: ഐ.പി.എല്ലിലെ സൂപ്പർ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണും ധോണിയുമടക്കമുള്ള താരങ്ങൾക്കണിയാൻ കുപ്പായം തുന്നുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള വ്യവസായ സംരംഭം. തിരുവനന്തപുരം കിൻഫ്രയിലെ സ്പോർട്‌സ്‌വെയർ ബ്രാൻഡായ 'ഹൈവ്" ആണ് സി.എസ്.കെയുടെ ഒഫീഷ്യൽ സ്പോർട്‌സ്‌വെയർ പാർട്ണർ. 36കാരനായ രാകേഷ് രാജീവാണ് ഹൈവിന്റെ സ്ഥാപകൻ.

2017ൽ കിൻഫ്രയിൽ 1,000 സ്ക്വയർഫീറ്റിൽ ആരംഭിച്ച ഹൈവ് ഇന്ന് 17,000 സ്ക്വയർ ഫീറ്റിലുള്ള അത്യാധുനിക യൂണിറ്റാണ്. 170ഓളം ജീവനക്കാരുണ്ട്. 'ഡയറക്ട് ടു കൺസ്യൂമർ" മാതൃകയിലാണ് ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഇന്ത്യൻ കാലാവസ്ഥയ്ക്കും ഇവിടത്തെ കായികപ്രേമികൾക്കും അനുയോജ്യമായ രീതിയിൽ, കുറഞ്ഞ ചിലവിൽ മികച്ച ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമ്മിക്കുക എന്നതാണ് ഹൈവിന്റെ ലക്ഷ്യം. സൈക്ളിംഗ്, അത്‌ലറ്റിക്സ്, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സജീവമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സുമായി സഹകരിക്കുന്നതോടെ ഹൈവിന്റെ സാന്നിദ്ധ്യം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 'യെല്ലോ ഫ്രൈഡേ സെയിൽ " പോലുള്ള പുതുമയുള്ള പരീക്ഷണങ്ങളിലൂടെ ആരാധകരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നു. ദന്തഡോക്ടറായ കാർത്തിക വിജയാണ് ഭാര്യ. അച്ഛൻ രാജീവ്. ന്യൂറോളജിസ്റ്റും മെഡിക്കൽ എഡ്യുക്കേറ്ററുമായ ഡോ. രാഹുൽ രാജീവാണ് സഹോദരൻ.

അമ്മയുടെ കായിക പാരമ്പര്യം

രാകേഷ് രാജീവിന് സ്പോർട്സ് രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. പി.ടി.ഉഷയോടൊപ്പം മത്സരിച്ചിരുന്ന മുൻ അത്‌ലറ്റ് ലതയാണ് രാകേഷിന്റെ അമ്മ. നാഷണൽ മീറ്റുകളിൽ 4x100 മീറ്റർ റിലേയിലുൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് ലത. അമ്മ പകർന്നുനൽകിയ കായികാവബോധമാണ് രാകേഷിനെ സ്പോർട്സ് വെയർ രംഗത്തേക്ക് നയിച്ചത്. ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയശേഷം വൻകിട കമ്പനികളിൽ ജോലി ചെയ്തപ്പോഴും സ്വന്തമായി ഒരു സ്പോർട്സ് ബ്രാൻഡ് തുടങ്ങുക എന്നതായിരുന്നു രാകേഷിന്റെ ലക്ഷ്യം.

 റീജിയണൽ ബ്രാൻഡ് എന്നതിലുപരി, ഇന്ത്യയിലെ ഏതൊരു കായികപ്രേമിയും സ്പോർട്സ് വെയർ വാങ്ങാനാഗ്രഹിക്കുമ്പോൾ ആദ്യം ചിന്തിക്കുന്ന പേരായി ഹൈവിനെ മാറ്റുകയാണ് ലക്ഷ്യം.

-രാകേഷ് രാജീവ്

 ഹൈവ് ചെന്നൈയ്ക്ക് വേണ്ടി ഒരുക്കുന്നത്

ഫാൻ ടീഷർട്ട്

കാഷ്വൽ ടീഷർട്ട്

ഓഫ് ഷോൾ‌ഡർ ടീഷർട്ട്

ജാക്കറ്റ്

ഡഫൽ ബാഗ്

മറ്റ് അക്സസറീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA