
കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ സംസ്‌കൃതം സ്‌കോളർഷിപ്പ് പരീക്ഷകൾ ഈ മാസം 12, 13 തീയതികളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കേരളകൗമുദി വാർത്തയിലാണ് നടപടി. ഡിസംബറിൽ നടക്കേണ്ട പരീക്ഷ വൈകുന്നതിനാൽ 58 ലക്ഷം രൂപയോളം ലാപ്‌സ് ആകാനുള്ള സാദ്ധ്യത കേരളകൗമുദി ജനുവരി 18ന് ചൂണ്ടിക്കാട്ടിയിരുന്നു.
എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഒരു സ്‌കൂളിൽ നിന്ന് ഓരോ ക്ലാസിലെ രണ്ടു കുട്ടികളെ വീതം പരീക്ഷയിൽ പങ്കെടുപ്പിക്കാം. 12ന് രാവിലെ 11നാണ് എൽ.പി വിഭാഗം പരീക്ഷ, യു.പി വിഭാഗം ഉച്ചയ്ക്ക് 12നും. 13ന് രാവിലെ 11നാണ് ഹൈസ്‌കൂൾ വിഭാഗം പരീക്ഷ. ഫെബ്രുവരി 24നകം സ്‌കോളർഷിപ്പ് അർഹരായ വിദ്യാർത്ഥികളുടെ പട്ടിക വകുപ്പിന് സമർപ്പിക്കണം.
ഡിസംബറിൽ നടക്കേണ്ട പരീക്ഷയ്‌ക്ക് ചോദ്യപേപ്പർ ശില്പശാല നടത്തുകയോ സർക്കുലർ ഇറക്കുകയോ ചെയ്യാത്തത് വെല്ലുവിളിയാണ്. പരീക്ഷ വൈകുകയും മാർച്ചിനു മുമ്പ് സർട്ടിഫിക്കറ്റ്, സ്‌കോളർഷിപ്പ് വിതരണം മുടങ്ങുകയും ചെയ്താൽ 17,545 കുട്ടികൾക്കായുള്ള 58 ലക്ഷത്തിന്റെ സ്‌കോളർഷിപ്പ് തുക ലാപ്‌സാകുമായിരുന്നു.
മുമ്പ് ഇത്തരത്തിൽ സ്‌കോളർഷിപ്പ് പാഴായപ്പോഴാണ് കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ ഇടപെട്ട് പരീക്ഷ ഡിസംബറിൽ നടത്താനാരംഭിച്ചത്.
സംസ്‌കൃത ഭാഷാ പ്രവർത്തനങ്ങൾക്കായുള്ള പ്ലാൻ ഫണ്ട് വിഹിതമായാണ് സ്‌കോളർഷിപ്പ് തുക നൽകുന്നത്. ഉപജില്ലയിൽ 40 എൽ.പി വിദ്യാർത്ഥികൾക്ക് 100 രൂപ വീതവും 45 യു.പി വിദ്യാർത്ഥികൾക്ക് 400 രൂപ വീതവും ഹൈസ്‌കൂളിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ 90 കുട്ടികൾക്ക് 600 രൂപ വീതവുമാണ് സ്‌കോളർഷിപ്പ്. സംസ്ഥാനത്താകെ 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്.
സ്‌പെഷ്യൽ ഓഫീസറില്ല
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട, 2022 ജൂൺ മുതൽ ഒഴിഞ്ഞുകിടക്കുന്ന സംസ്‌കൃതം സ്പെഷ്യൽ ഓഫീസർ തസ്തിക സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. അറബിക് സ്പെഷ്യൽ ഓഫീസർക്കാണ് ഇപ്പോഴും അധികച്ചുമതല. മുൻപ് 96 ലക്ഷം രൂപ വരെയുണ്ടായിരുന്ന സംസ്‌കൃതം ഭാഷാപ്രവർത്തന ഫണ്ട് സർക്കാർ 55 ലക്ഷമാക്കി കുറച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |