
ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കേന്ദ്രസർക്കാർ നടപ്പാക്കി. 2016ലെ മോഡൽ പ്രിസൺ മാന്വലും 2023ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആക്ടുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഭേദഗതി ചെയ്തു. പുതിയ മാറ്റങ്ങൾ നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. പിന്നാക്ക വിഭാഗക്കാരായ തടവുകാർക്ക് കക്കൂസ് കഴുകൽ, തൂപ്പുജോലി എന്നിവയും മേൽജാതിക്കാർക്ക് പാചകജോലിയും നൽകുന്ന ജയിലുകളിലെ കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ 2024 ഒക്ടോബർ മൂന്നിനാണ് സുപ്രീകോടതി ഉത്തരവിട്ടത്. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം മൗലികാവകാശ ലംഘനമാണെന്നും, വച്ചുപൊറുപ്പിക്കില്ലെന്നുമാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തത്. ജയിൽ മാന്വലും ചട്ടങ്ങളും മൂന്നു മാസത്തിനകം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഓൺലൈൻ വാർത്താ വെബ്സൈറ്റിലെ മാദ്ധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രധാന വിധി.
വിവേചനമില്ലെന്ന് ഉറപ്പാക്കണം
ജയിലുകളിൽ ജാതിയുടെ പേരിൽ തടവുകാർ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കർശന നിർദ്ദേശം നൽകി. ജാതിയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും പ്രത്യേക ജോലി നൽകരുത്. തടവുകാരെ വേർതിരിച്ചു പാർപ്പിക്കുമ്പോഴും ജാതി പരിഗണിക്കരുത്. തടവുകാരെ ഉപയോഗിച്ച് തോട്ടിപ്പണിയും വിലക്കി.
സ്ഥിരം കുറ്റവാളി ഇവർ
അഞ്ചുവർഷത്തെ കാലയളവിനിടയിൽ രണ്ടിലേറെ തവണ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ അത്തരക്കാരെയാണ് ജയിലുകളിൽ സ്ഥിരം കുറ്റവാളിയായി കണക്കാക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. കേരള ജയിൽ ചട്ടത്തിലെ സ്ഥിരം കുറ്രവാളി എന്ന നിർവചനത്തിൽ 'ക്രിമിനൽ ഗോത്രത്തിലെ അംഗം"എന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
തെളിവെടുപ്പിന് മുനമ്പം കമ്മിഷൻ
നാളെ വിവാദ ഭൂമിയിൽ
ശ്രീഹരി രാമകൃഷ്ണൻ
കൊച്ചി: വഖഫ് ഭൂമി തർക്കത്തിൽ കുടിയിറക്കൽ ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷൻ നാളെ മുനമ്പത്തെത്തും. ആദ്യമായാണ് കമ്മിഷൻ വിവാദ ഭൂമിയിലെത്തുന്നത്.
മുനമ്പം പള്ളിക്ക് മുന്നിൽ ഒരുക്കുന്ന പന്തലിൽ രാവിലെ പത്തര മുതൽ എല്ലാ വിഭാഗക്കാരുടെയും പരാതികൾ കേൾക്കും. തുടർന്ന് രേഖകളുടെ പരിശോധനയടക്കം തീർക്കാൻ കൊച്ചിയിലെ ഓഫീസിൽ സിറ്റിംഗ് നടത്തും. ഫെബ്രുവരിയിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഭൂരേഖകൾ ഉള്ളവരെ കുടിയിറക്കില്ലെന്നാണ് സർക്കാർ നിലപാട്. അതിനുള്ള പരിഹാരങ്ങളാകും കമ്മിഷൻ ശുപാർശ ചെയ്യുക. വഖഫ് നിയമപ്രതിസന്ധി മറികടക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് ജുഡിഷ്യൽ കമ്മിഷന്റെ വിലയിരുത്തൽ. അതിനുള്ള നിർദ്ദേശങ്ങളും കൈമാറും. അതേസമയം, വഖഫ് നിയമപ്രശ്നങ്ങളിൽ എന്തെങ്കിലും ഉത്തരവ് നൽകാനുള്ള അധികാരം കമ്മിഷനില്ല. അതിനാൽ തർക്കഭൂമിയുടെ അതിര് പരിശോധന പോലുള്ള കാര്യങ്ങളിലേക്ക് കടക്കില്ല.
സമരസമിതി നേതാക്കളും വഖഫ് സംരക്ഷണ സമിതി പ്രതിനിധികളും നേരത്തേ കമ്മിഷന്റെ ഓഫീസിലെത്തി ചർച്ച നടത്തിയിരുന്നു. താമസക്കാരുടെ കൈവശാവകാശ രേഖകളുടെ പകർപ്പുകൾ സമരസമിതി സമർപ്പിച്ചു. വഖഫ് ഭൂമിയാണെന്നു സ്ഥാപിക്കാൻ ആധാരങ്ങളുടെ പകർപ്പുകളും പട്ടയരേഖകളും സംരക്ഷണസമിതിയും ഹാജരാക്കി. വഖഫ് ബോർഡ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളും കമ്മിഷന് വിശദീകരണം നൽകിയിട്ടുണ്ട്.
മുനമ്പം:
തർക്കഭൂമി - 404 ഏക്കർ
താമസക്കാർ - 600 കുടുംബങ്ങൾ
ഹിയറിംഗിൽ പൊതുവായ പരാതികളെല്ലാം കേൾക്കും. വിശദ വാദമുണ്ടാകില്ല
- റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ജുഡിഷ്യൽ കമ്മിഷൻ അദ്ധ്യക്ഷൻ.
പ്രായമായവരെയടക്കം ഹിയറിംഗിന് എത്തിക്കും. തുടർ നടപടികളിലും സഹകരിക്കും
- ഫാ. ആന്റണി, സമരസമിതി
ഭൂമി വഖഫായി നിലനിറുത്താനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാകും. ഹിയറിംഗിൽ വിഷയം വീണ്ടും ഉന്നയിക്കും
-മുജീബ് റഹ്മാൻ, വഖഫ് സംരക്ഷണസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |