SignIn
Kerala Kaumudi Online
Thursday, 25 June 2026 8.59 AM IST

ഇരകളുടെ ഗർഭഛിദ്രത്തിന് സമയ പരിധി വേണ്ടെന്ന് സുപ്രീംകോടതി

p

ന്യൂഡൽഹി: പീഡനക്കേസ് ഇരകളുടെ ഗർഭഛിദ്രത്തിനു സമയപരിധി ബാധകമാകരുതെന്ന് സുപ്രീംകോടതി. വിഷയത്തിൽ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. 15കാരിയുടെ ഗർഭഛിദ്രത്തിനു ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡൽഹി എയിംസ് സമർപ്പിച്ച പുനഃപരിശോധനാഹ‌ർജി അതേ ബെഞ്ച് തള്ളി. ഇതോടെ എയിംസ് സമർപ്പിച്ച തിരുത്തൽ ഹ‌ർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. പീഡനക്കേസ് ഇരകളുടെ 24 ആഴ്ച വരെയുള്ള ഗർഭം നീക്കാൻ മാത്രമേ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രെഗ്‌നൻസി നിയമം അനുവദിക്കുന്നുള്ളൂവെന്ന് അഡിഷണൽ സോളിസിറ്റ‌ർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു. അങ്ങനെയെങ്കിൽ ഇരകളുടെ ഗർഭഛിദ്രത്തിന് സമയപരിധി ബാധകമല്ലെന്ന നിലയിൽ കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്ന് കോടതി പ്രതികരിച്ചു.

എയിംസല്ല തീരുമാനിക്കേണ്ടത്
മകളുടെ ഗർഭഛിദ്രത്തിനായി മാതാവ് സമർപ്പിച്ചിരുന്ന ഹ‌ർജിയിലാണ് കോടതി അനുമതി നൽകിയിരുന്നത്. 30 ആഴ്ചയായ ഗർഭമാണെന്നും 4 ആഴ്ച കൂടി കാത്തിരുന്നാൽ കുഞ്ഞിനെ പ്രസവിച്ച് ദത്തു കൊടുക്കാവുന്നതേയുള്ളൂവെന്നുമാണ് എയിംസിന്റെ വാദം. ഇപ്പോൾ ഗർഭം നീക്കം ചെയ്യുന്നത് പെൺകുട്ടിയുടെ ആരോഗ്യനിലയെ ബാധിക്കും. എന്നാൽ, പെൺകുട്ടിക്ക് ആവശ്യമില്ലാത്ത ഗർഭധാരണം അവരുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിലപാടെടുത്തു. പെൺകുട്ടിയെയും മാതാപിതാക്കളെയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കോടതി എയിംസിന് അനുമതി നൽകി. അതേസമയം മേയ് 4നകം ഗർഭഛിദ്രത്തിന് അനുമതി നൽകിയ തങ്ങളുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ എയിംസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA