
തിരുവനന്തപുരം: സ്കോളർഷിപ്പുകൾക്കുള്ള വിഹിതം സംസ്ഥാനസർക്കാർ പകുതിയായി വെട്ടിക്കുറച്ചതോടെ ന്യൂനപക്ഷ, പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാവും. പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ പദ്ധതിക്കും പഠനമുറി നിർമ്മാണത്തിനും വകയിരുത്തിയിരുന്ന 222കോടി ധനസഹായം 173കോടിയാക്കിയാണ് വെട്ടിച്ചുരുക്കിയത്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ 9 സ്കോളർഷിപ്പുകളും 50ശതമാനം വെട്ടിക്കുറച്ചു.
5.24കോടിയുടെ ജോസഫ് മുണ്ടശേരി സ്‌കോളർഷിപ്പ് 2.62കോടിയായും 20ലക്ഷത്തിന്റെ സിവിൽ സർവീസ് ഫീ റീ ഇമ്പേഴ്‌സ്‌മെന്റ് 10ലക്ഷമായും 1.7കോടിയുടെ വിദേശ പഠന സ്‌കോളർഷിപ്പ് 85ലക്ഷമായും ഐ.ഐ.ടി, ഐ.ഐ.എം പഠനത്തിനുള്ള 20ലക്ഷത്തിന്റെ സ്കോളർഷിപ്പ് 10ലക്ഷമായുമാണ് വെട്ടിച്ചുരുക്കിയത്. 57.75 ലക്ഷത്തിന്റെ സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് സ്‌കോളർഷിപ്പ് 28.87 ലക്ഷമാക്കി. യു.ജി.സി, നെറ്റ് കോച്ചിംഗിന് വകയിരുത്തിയിരുന്ന 19.17 ലക്ഷം രൂപ 9.58 ലക്ഷമാക്കി. ഐ.ടി.സി ഫീസ് റീ ഇമ്പേഴ്‌സ്മെന്റിനുള്ള 4.02കോടി പകുതിയാക്കി. 67.51 ലക്ഷത്തിന്റെ മദർ തെരേസ സ്‌കോളർഷിപ്പ് 33.75 ലക്ഷമാക്കി. 82 ലക്ഷത്തിന്റെ എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ് 41 ലക്ഷമാക്കി. സ്കോളർഷിപ്പ് വിഹിതം പകുതിയാക്കിയതോടെ, ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണവും വെട്ടിച്ചുരുക്കും.
പട്ടികജാതിക്കാരുടെ ഭവന നിർമ്മാണ പദ്ധതിയും വെട്ടിച്ചുരുക്കി. ലൈഫ് മിഷൻ വഴിയുള്ള 300കോടിയുടെ ഭവനപദ്ധതി 120കോടിയാക്കി. വീടുകളുടെ പൂർത്തീകരണത്തിനും വീടുകൾ പുതുക്കിപ്പണിയാനും ഭൂരഹിതർക്ക് വീടുവയ്ക്കാൻ ഭൂമി വാങ്ങാനുമായുള്ള 170കോടിയുടെ പദ്ധതി വിഹിതം 70.25കോടിയാക്കി. പട്ടികജാതിയിലെ പെൺകുട്ടികളുടെ വിവാഹസഹായത്തിന് 1.25ലക്ഷം നൽകുന്നതിന് 86ലക്ഷം രൂപ വകയിരുത്തിയിരുന്നത് 50ലക്ഷമാക്കി. പട്ടികജാതിയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യ നിലവാരം മെച്ചപ്പെടുത്താനായുള്ള വാത്സല്യ നിധിക്ക് 10കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും നൽകിയിട്ടില്ല. അതേസമയം അർഹതയുള്ള എല്ലാവർക്കും സഹായം നൽകുമെന്നാണ് സർക്കാർ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |