
തിരുവനന്തപുരം: സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും റഗുലർ, ഫുൾടൈം ഗവേഷണം നടത്തുന്നവർക്കായി പ്രതിമാസം പതിനായിരം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. സി.എം റിസർച്ചേഴ്സ് സ്കോളർഷിപ്പ് എന്നാണ് പേര്. 20കോടി ഇതിനായി വകയിരുത്തി. മറ്റ് ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്തവർക്കാണ് ഇത് നൽകുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 13.4 കോടിയുണ്ട്. കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വികസന, അക്കാഡമിക് പ്രവർത്തനങ്ങൾക്ക് 9.2 കോടിയുണ്ട്. ഭൂമി വാങ്ങി ഒന്നാംഘട്ട കെട്ടിട നിർമ്മാണം ഇക്കൊല്ലം പൂർത്തിയാക്കും. 30കോടി ഇതിനായി വകയിരുത്തി.
വിവിധ സർവകലാശാലകൾക്കുള്ള വിഹിതം: കേരള-37.2കോടി, കാലിക്കറ്റ്- 33.8കോടി, എം.ജി- 38.45കോടി, സംസ്കൃതം- 22.05കോടി, കണ്ണൂർ- 34കോടി, നുവാൽസ്- 12.25കോടി, മലയാളം- 11.35കോടി. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് 10കോടിയുണ്ട്. ചരിത്ര ഗവേഷണ കൗൺസിലിന് 12കോടിയും അസാപ്പിന് 35.1കോടിയുംകോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്രിറ്റ്യൂട്ടിന് 11കോടിയുമുണ്ട്.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 165.44 കോടിയാണ് വിഹിതം. കഴിഞ്ഞ വർഷത്തേക്കാൾ 32കോടി അധികമാണിത്. കോളേജ് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് 36.7കോടിയും പഠന, ഗവേഷണ മികവ് ഉറപ്പിക്കാൻ 9.75കോടിയുമുണ്ട്. റൂസ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 30 കോടി. സാങ്കേതിക വിദ്യാഭ്യാസത്തിന് 266.3കോടി. കുസാറ്റിന് 31.25കോടിയുണ്ട്.
സാങ്കേതിക സർവകലാശാലയ്ക്ക് 24.10കോടി, എൽ.ബി.എസിന് 8.58കോടി, ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് 29.3കോടി, ഐ.എച്ച്.ആർ.ഡിക്ക് 32.5കോടി എന്നിങ്ങനെയുണ്ട്. ഗവ.എൻജിനിയറിംഗ് കോളേജുകളുടെ വികസനത്തിന് 40.3കോടിയുണ്ട്. പോളിടെക്നിക്കുകൾക്ക് 42.89കോടി. കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയത്തിന് 5കോടി. കോട്ടയം സയൻസ് സിറ്റി ഇക്കൊല്ലം പൂർത്തിയാക്കും. 25കോടിയാണ് ചെലവ്. ബഡ്ജറ്റ് വിഹിതം 10കോടിയുണ്ട്.
അദ്ധ്യാപകരുടെ കാര്യക്ഷമത
വർദ്ധിപ്പിക്കാൻ അഞ്ചു കോടി
തിരുവനന്തപുരം: സ്കൂൾ അദ്ധ്യാപകരുടെ കാര്യക്ഷമത ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പുതിയ പദ്ധതി. ഇതിനായി അഞ്ചുകോടി ബഡ്ജറ്റിൽ വകയിരുത്തി. സ്കൂളുകൾക്ക് 1083.82 കോടി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 2391.13 കോടി. അക്കാഡമിക മികവ് പദ്ധതിക്കായി 37.80 കോടി. വിദ്യാർത്ഥീ കേന്ദ്രീകൃത പദ്ധതികൾക്കായി 44 കോടി. നാല്, ഏഴ് ക്ളാസുകളിലെ കുട്ടികൾക്കുള്ള എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾ 'സി.എം- കിഡ്' എന്ന് പുനർനാമകരണം ചെയ്തു.
ഉച്ചഭക്ഷണപദ്ധതിക്ക് 402.14 കോടി. സൗജന്യ സ്കൂൾയൂണിഫോമിന് 150.34 കോടി. സ്കൂളുകളിലെ സൂപ്പർ കമ്പ്യൂട്ടർവത്കരണത്തിന് 10 കോടി
സർക്കാർ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 84.28 കോടി. കൈറ്രിന് 38.50 കോടി
സ്കൂൾ സിലബസ്, കരിക്കുലം, ബോധനരീതികൾ എന്നിവയുടെ പരിഷ്കരണം സുഗമമായി നടപ്പാക്കാൻ അദ്ധ്യാപകരുടെ പരിശീലനത്തിനായി അഞ്ച് കോടി
സ്കൂളുകളിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ബ്ളോക്കുകളുടെ നിർമ്മാണത്തിന് 60 കോടി
ബാരിയർ ഫ്രീ സ്കൂളുകളിലെ ഭിന്നശേഷിസൗഹൃദ അടിസ്ഥാനസൗകര്യ വികസനത്തിന് 10 കോടി
പൈതൃകകെട്ടിടങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനും 2.80 കോടി
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണസ്ഥാപനങ്ങൾക്ക് 62 കോടി
പൊതുവിദ്യാലയങ്ങളിൽ നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കാൻ രണ്ടുകോടി
ഹയർ സെക്കൻഡറി
ഹയർ സെക്കൻഡറി മേഖലയുടെ വികസനത്തിന് 74.86 കോടി
ഗവ.എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ സമർത്ഥരായ ബി.പി.എൽ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ സ്കോളർഷിപ്പ് നൽകാൻ 7.90 കോടി
സമഗ്രശിക്ഷാ അഭിയാൻ പ്രോജക്ട് ഡയറക്ടറേറ്രിന്റെ പ്രത്യേക പ്രവർത്തനങ്ങൾക്ക് 2.50 കോടി
ഗണിതപഠനം മെച്ചപ്പെടുത്താൻ മൂന്നാംക്ളാസ് വിദ്യാർത്ഥികൾക്കുള്ള മഞ്ചാടി പദ്ധതിക്ക് 2.8 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |