SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 PM IST

കപ്പലിനെ മുക്കിയത് ബല്ലാസ്റ്റ് ടാങ്ക് തകരാർ

READ ENGLISH VERSION
ship

കൊച്ചി: ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയത് ബല്ലാസ്റ്റ് ടാങ്കിന്റെ തകരാർ മൂലമെന്ന് മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ് (എം.എം.ഡി). കപ്പലിന്റെ സന്തുലനം ഉറപ്പാക്കാൻ അടിത്തട്ടിൽ വെള്ളംസംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറയുകയും കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് മുങ്ങിത്താഴുകയുമായിരുന്നു.

ചെരിഞ്ഞ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം മോശം കാലാവസ്ഥയിൽ സങ്കീർണമായി. ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിന് വഴിവച്ചോയെന്ന് പരിശോധിക്കുന്നുണ്ട്. മാനുഷിക പിഴവാണ് കാരണമെന്ന് റഷ്യൻ പൗരനായ ക്യാപ്ടൻ ഇവാനോവ് അലക്‌സാണ്ടർ വെളിപ്പെടുത്തിയിരുന്നു. അപകടത്തിനു പിന്നാലെ വൈദ്യുതി വിതരണം നിലയ്‌ക്കുകയും കപ്പൽ ഇരുട്ടിലാവുകയും ചെയ്‌തു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന വാദം എം.എം.ഡി പൂർണമായും തള്ളി.

20 ഫിലിപ്പീൻസുകാരും രണ്ട് യുക്രെയിൻ പൗരന്മാരും ഒരു ജോർജിയക്കാരനുമാണ് ക്യാപ്റ്റനെ കൂടാതെ കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞത്തു നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് 643 കണ്ടെയ്‌നറുകളുമായി എം.എസ്.ഇ എൽസ 3 കൊച്ചിയിലേക്ക് തിരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.35ഓടെ കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ (70.കി.മീറ്റർ) അകലെയായിരുന്നു അപകടം.

ബല്ലാസ്റ്റിംഗ്

• ചരക്ക് കയറ്റുന്നതിനനുസരിച്ച് ഭാരം കൂട്ടിയും കുറച്ചും ബാലൻസും താഴ്ചയും ക്രമീകരിക്കാൻ അടിത്തട്ടിലെ വ്യത്യസ്തമായ അറകളിൽ കടൽവെള്ളം കയറ്റുകയും പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയ

• കപ്പലിന്റെ സുരക്ഷിതത്വത്തിനും സുഗമസഞ്ചാരത്തിനും ഇത് അനിവാര്യം

• ശക്തിയേറിയ നിരവധി മോട്ടോറുകളും പൈപ്പ് ശൃംഖലയും ഇതിനായി കണ്ടെയ്‌നർ കപ്പലുകളിലുണ്ടാകും

• പ്രക്ഷുബ്ധമായ കടലിൽ സഞ്ചരിക്കുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് ബല്ലാസ്റ്റിംഗ് വേണ്ടിവരും

• ഇതിന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദ്ദേശങ്ങളുണ്ട്

''അന്വേഷണവുമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.ഇ) സഹകരിക്കുന്നുണ്ട്. കപ്പലിലെ ഫസ്റ്റ് ഓഫീസർ പുതിയ ആളാണെന്ന് മനസിലാക്കുന്നു. ഇയാളുടെ പരിചയക്കുറവ് അപകടത്തിന് കാരണമായോയെന്ന് അന്വേഷിക്കുന്നുണ്ട്"

-അജിത്കുമാർ സുകുമാരൻ

അഡിഷണൽ ഡയറക്ടർ ജനറൽ
ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA