SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.46 AM IST

കേരളത്തിന് മാത്രം വേണ്ട, സ്മാർട്ട് മീറ്റർ ഔട്ട്, കേന്ദ്രത്തിന്റെ കോടികൾ കൈവിട്ടു, യൂണിയൻ എതിർത്തു,​ സർക്കാർ വഴങ്ങി

smart-meter

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും വൈദ്യുതി സ്മാർട്ട് മീറ്റർ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഇതോടെ നവീകരണത്തിനായി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്ന വൻ സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെ ചുമലിലാവും.

ഇതിനു പുറമേ, സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാത്തുകയിൽ 4000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാവും. യൂണിയനുകളുടെ എതിർപ്പാണ് ഉപേക്ഷിക്കാനുള്ള മുഖ്യകാരണം.

ആധുനികവൽക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്തെമ്പാടും നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ ഉപേക്ഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിർദേശം നൽകിയത്.

വൈദ്യുതി വിതരണ നവീകരണത്തിന് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം- ആർ.ഡി.എസ്.എസ്) 60 ശതമാനം ധനസഹായത്തോടെ കേന്ദ്രം അനുവദിച്ച 12131കോടി രൂപ കിട്ടാതാവും. ഇതു പ്രതീക്ഷിച്ച് കെ.എസ്.ഇ.ബി തുടങ്ങിവച്ച നവീകരണ പ്രവൃത്തികൾ മുടങ്ങും. അല്ലെങ്കിൽ തുക സ്വയം കണ്ടെത്തണം.

ഇതിന്റെ രണ്ടാം ഘട്ടമായി കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 13126 കോടി രൂപയ്ക്കും അർഹതയില്ലാതാവും.

സ്മാർട്ട്മീറ്റർ ഉടനടി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സി.പി.എം.പോളിറ്റ് ബ്യൂറോ രണ്ടാഴ്ച മുമ്പ് നിർദ്ദേശിച്ചിരുന്നു. സ്മാർട്ട് മീറ്റർ വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നും പൊതുജനങ്ങൾക്ക് അധികസാമ്പത്തികബാദ്ധ്യത വരുത്തുമെന്നും ആക്ഷേപം ഉയർന്നിരുന്നു. ആർ.ഡി.എസ്.എസിനോട് എതിർപ്പില്ലെങ്കിലും സ്മാർട്ട്മീറ്റർ ഒഴിവാക്കി ഇത് നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് അറിഞ്ഞാണ് അതും ഉപേക്ഷിക്കുന്നത്.

#സ്മാർട്ട് മീറ്റർ

ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററിന് പകരം, മൊബൈൽഫോൺ സിംകാർഡ് ചാർജ്ജ് ചെയ്യുന്നതുപോലെ കെ.എസ്.ഇ.ബി.ഓഫീസിലിരുന്ന് വൈദ്യുതി ചാർജ്ജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ. സംസ്ഥാനത്ത് 37ലക്ഷം ഉപഭോക്താക്കൾക്ക് ഒന്നാം ഘട്ടമായി നൽകാൻ തീരുമാനിച്ചിരുന്നു.

യൂ​ണി​യ​നു​ക​ളു​ടെ​ ​ വാദം

സ്വകാര്യകമ്പനി മുഴുവൻ തുകയും മുടക്കി സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയും വൈദ്യുതി നിരക്കായി ഉപഭോക്താക്കളിൽ തിരിച്ച് പണം ഈടാക്കുകയും ചെയ്യുന്ന ടോട്ടക്സ് മാതൃക സ്വീകാര്യമല്ലെന്ന് സംഘടനകൾ. സി-ഡാക് പോലുളള പൊതുമേഖലാസ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്റർ നിർമ്മിച്ച് കെ.എസ്.ഇ.ബി.തന്നെ നടപ്പാക്കണമെന്ന് വാദം. ഇത് അപ്രായോഗികമാണെന്ന് സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകി. സി-ഡാക്കിന് ഇതിനുള്ള സാങ്കേതികവിദ്യ അറിയില്ല. അവരും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. സാമ്പത്തിക ഭാരം താങ്ങാൻ കെ.എസ്.ഇ.ബിക്ക് കഴിയില്ല.

# കൈവിടുന്ന

ആർ.ഡി.എസ്.എസ്

1. ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുക, ഊർജ്ജ മേഖലയിൽ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് ലക്ഷ്യം.

2. വിതരണ മേഖലയിലെ നഷ്ടം കുറയ്ക്കാൻ 681.81കിലോമീറ്റർ വരുന്ന പഴയ 33കെ.വി ലൈനുകളും 3084.73കിലോമീറ്റർ 11കെ.വി.ലൈനുകളും 9932.48 കിലോമീറ്റർ പഴയ എൽ.ടി.ലൈനുകളും പുതിയ കവചിതകണ്ടക്ടറുകൾ ഉപയോഗിച്ച് മാറ്റാൻ പദ്ധതി.

3. 486.77കിലോമീറ്റർ എൽ.റ്റി.സിംഗിൾ ഫേസ് ലൈനുകൾ എ.ബി.സി.കണ്ടക്ടർ ഉപയോഗിച്ച് ത്രീ ഫേസ് ആക്കാനും 881 പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്നതിനും പദ്ധതി.

4. 504 ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, 418പഴയട്രാൻസ്‌ഫോർമറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും 553കിലോമീറ്റർ ഭൂഗർഭകേബിളുകൾ സ്ഥാപിക്കുന്നതിനും പദ്ധതി.


മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതലയോഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART METER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA