
ന്യൂഡൽഹി: മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളും എൻ.എസ്.എസ് ഉൾപ്പെടെ സമുദായങ്ങളും ചെയ്യുന്നത് പോലെ സ്വന്തം വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗത്തെ മാത്രം തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി
നടേശൻ ഡൽഹിയിൽ പത്മഭൂഷൺ സ്വീകരിക്കുന്നതിന് മുന്നോടിയായി ചിലർ കേരളത്തിൽ തെറ്റായ വാർത്തകൾ പടച്ചു വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായി ജനറൽ സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ജാതി പറയാൻ യോഗത്തിന് അവകാശമില്ലെന്ന് പറയാനാകില്ല. യോഗത്തിന്റെ ലക്ഷ്യങ്ങൾ ഗുരുദേവൻ വ്യക്തമാക്കിയിട്ടുണ്ട്. ജാതീയമായ അവകാശങ്ങൾ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് യോഗം സ്ഥാപിച്ചത്. ജനറൽ സെക്രട്ടറി ആ ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. തിയ്യ സമുദായത്തിൽപ്പെട്ട മുൻ മുഖ്യമന്ത്രിയെ പിന്തുണച്ചതും തെറ്റല്ല.
അമേരിക്കയിൽ നിന്നും ഇംഗ്ളണ്ടിൽ നിന്നും കൊണ്ടു വന്ന പണം കൊണ്ടല്ല യോഗം പ്രവർത്തിക്കുന്നത്. ലഭിക്കുന്ന സംഭാവനകൾ കൃത്യമായി ഉപയോഗിക്കുന്നത് കൊണ്ടാണ്,
140 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയത്.
മൈക്രോഫിനാൻസിൽ ക്രമക്കേട് കാട്ടിയ ചില യൂണിയൻ ഭാരവാഹികൾക്കെതിരെ കേസുകൾ നിലവിലുണ്ട്. യോഗത്തിന്റെ പണം ഉപയോഗിച്ച് ഇഞ്ചി കൃഷി നടത്തിയ പുൽപ്പള്ളി യൂണിയൻ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നടപടിയെടുത്തു.മരിച്ച മഹേശൻ 15 കോടിയോളം രൂപ ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മോഷ്‌ടിച്ചിരുന്നു. കള്ളനെ കള്ളനെന്നല്ലാതെ മറ്റെന്തു വിളിക്കും.യോഗത്തെ തകർക്കാൻ പലരും പണമിറക്കുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറിക്കെതിരെ ഒരു കുറ്റപത്രവുമില്ല ശിക്ഷിക്കപ്പെട്ടതുമില്ല-തുഷാർ വെള്ളാപ്പള്ളി
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |