SignIn
Kerala Kaumudi Online
Wednesday, 01 July 2026 11.21 AM IST

ജർമ്മൻ ഭാര്യയുടെ ഓർമ്മയ്ക്ക് ആലപ്പുഴയിൽ ചിത്ര‌സ്‌മാരകം,​ വീട്ടിൽ ആർട്ട് ഗ്യാലറിയൊരുക്കി അലക്സാണ്ടർ

a

ആലപ്പുഴ: ജർമ്മൻകാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു. പിന്നീട് ആലപ്പുഴയിൽ താമസമാക്കി. ഇവിടെവച്ചു മരണമടഞ്ഞ പ്രിയതമയുടെ ഓർമ്മയ്ക്കായി വീട്ടിൽ ചിത്ര സ്മാരകമൊരുക്കി ഭർത്താവ്. ആലപ്പുഴ പുന്നപ്ര സ്വദേശിയും ചിത്രകാരനുമായ അലക്സാണ്ടർ ദേവസ്യയാണ് (62) ജർമ്മൻ സാഹിത്യകാരിയും ചിത്രകാരിയുമായ ഭാര്യ സിൽവി ബാന്റലേയുടെ (69) നിറസ്മരണയ്ക്കായി ആർട്ട് ഗ്യാലറി തയ്യാറാക്കിയത്.

ആലപ്പുഴ ചെട്ടികാട്ടെ വീടിന്റെ താഴത്തെ നിലയിലെ രണ്ട് മുറികളിലാണിത്. ഇരുവരുടെയും പേരുകൾ കൂട്ടിയിണക്കി 'സിൽവിയാണ്ടർ ആർട്ട് ഗ്യാലറി" എന്ന പേരുമിട്ടു. സിൽവി വരച്ച പത്ത് ചിത്രങ്ങളാണ് ഗ്യാലറിയിലുള്ളത്. ഒപ്പം അലക്സാണ്ടർ വരച്ച ചിത്രങ്ങളും. കഴിഞ്ഞ സെപ്തംബർ 29നായിരുന്നു സിൽവിയുടെ വിയോഗം. സിൽവിയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 13ന് അലക്സാണ്ടർ അർട്ട് ഗ്യാലറി നാടിന് സമർപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഗ്യാലറി സന്ദർശകർക്കായി തുറന്നു കൊടുക്കും.

1991ൽ കോവളത്ത് വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ചിത്രപ്രദർശനവുമായി എത്തിയതായിരുന്നു അലക്സാണ്ടർ. സിൽവി എഴുത്തിന്റെ ഭാഗമായും. കത്തുകളിലൂടെ വളർന്ന സൗഹൃദം പ്രണയമായി. 1999ൽ ജർമ്മനിയിൽ വച്ച് ഇരുവരും വിവാഹിതരായി. ജർമ്മനിയിലെ ഓപ്പറ തിയേറ്ററിൽ അലക്സാണ്ടറിന് ചീഫ് ആർട്ടിസ്റ്റായി ജോലി ലഭിച്ചതോടെ ഇരുവരും അവിടെ താമസമാക്കി.

2004ൽ ആലപ്പുഴ ചെട്ടികാട്ട് നിറയെ മരങ്ങളുള്ള ഭൂമി വാങ്ങി. 2012ൽ ഇവിടെ വീടുവച്ച് താമസമാരംഭിച്ചു. പ്രകൃതിയെ സ്നേഹിച്ച സിൽവിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം വാഴയിലയിൽ പൊതിഞ്ഞ് വീടിന്റെ മുറ്റത്താണ് അടക്കിയത്.

ഇഷ്ടനാട് കേരളം

പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും സിൽവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് കേരളമായിരുന്നു. പുന്നപ്ര തീരദേശത്തെ ആസ്പദമാക്കിയും, അലക്സാണ്ടറിന്റെ മാതാപിതാക്കളായ പി.എൻ.ദേവസ്യയുടെയും, തങ്കമ്മയുടെയും ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചും എഴുതിയ നിക്സ് ലോസ് ഇൻ പുന്നപ്ര (പുന്നപ്രയിൽ ഒന്നും സംഭവിക്കുന്നില്ല) ഉൾപ്പടെ ഒമ്പത് നോവലുകളും യാത്രാവിവരണങ്ങളും നാടകങ്ങളും കലാനിരൂപണങ്ങളും ‌സിൽവി ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിറ്റ്ലർ അഗ്നിക്കിരയാക്കിയ ജർമ്മൻ സാഹിത്യ കൃതികൾ കണ്ടെത്തി പുനഃപ്രകാശനം ചെയ്തും ശ്രദ്ധേയയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA