SignIn
Kerala Kaumudi Online
Friday, 23 October 2026 7.34 AM IST

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവന്റെ ദണ്ഡ് കാണാതായി

sree-padmanabaswami-templ


ഫോർട്ട് പൊലീസ് കേസെടുത്തു, ജീവനക്കാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവന്റെ സ്വർണദണ്ഡ് കാണാതായി. ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൊതിയാൻ കരുതിയിരുന്ന ദണ്ഡുകളിൽ ഒന്നാണ് ഇന്നലെ കാണാതായത്. മോഷണമാണോയെന്ന് വ്യക്തമല്ല. ക്ഷേത്രം അധികൃതർ നൽകിയ പരാതിയിൽ ഫോർട്ട് പോലീസ് കേസെടുത്തു. ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ശ്രീകോവിലിനു മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിറുത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്തുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് പറഞ്ഞു.

ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നിൽ ശിരസ്, ഉടൽ,പാദം എന്നിവ തൊഴാൻ മൂന്നു വാതിലുകളാണുള്ളത്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വർണത്തകിട് മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വർണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വർണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വർണത്തകിട് വിളക്കിച്ചേർക്കാനുള്ള കാഡ്മിയം ചേർന്നതാണ് കാണാതായ സ്വർണദണ്ഡ്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികൾ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുൾപ്പെടെ ക്ഷേത്രപരിസരം സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.

പഴുതടച്ച സുരക്ഷ എന്നിട്ടും?

ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാച്ചുമതലയുള്ള പൊലീസിന്റെയും സാന്നിദ്ധ്യത്തിലാണ് ദിവസവും സ്വർണം പുറത്തെടുത്തിരുന്നത്. സ്വർണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിനുള്ളിലെ പെട്ടിയുടെ താക്കോലും അകത്ത് ഒരു വാതിലിന്റെ താക്കോലും ജീവനക്കാരുടെ കൈവശവും സ്‌ട്രോംഗ് റൂം പുറമേ നിന്ന് പൂട്ടുന്ന താക്കോൽ പൊലീസിന്റെ കൈവശവുമാണ് സൂക്ഷിക്കുന്നത്.സ്ട്രോംഗ് റൂം ഇരുട്ടായതിനാൽ ദണ്ഡ് താഴെ വീണത് സ്ഥാനംമാറിയിരിക്കുകയാണോയെന്ന പരിശോധനയും ക്ഷേത്രപരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയും നടക്കുന്നുണ്ട്.‌‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEPADMANABASWAMI TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA