
തിരുവനന്തപുരം: എസ്.എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തയാറെടുപ്പുകളെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് കേരളകൗമുദിയോട്
എസ്.എസ്.എൽ.സി മുന്നൊരുക്കങ്ങൾ എവിടെയെത്തി?
മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പിഴവൊന്നുമില്ലാതെ കുട്ടികൾക്ക് സുഗമമായി പരീക്ഷയെഴുതാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഉത്തരക്കടലാസ് വിതരണം നടന്നുവരുന്നു. 26382 ഇൻവിജിലേറ്റർമാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിന് ആരംഭിച്ച് 26 ന് അവസാനിപ്പിക്കുന്ന തരത്തിലാണ്. മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.
എത്ര കുട്ടികളാണ് പരീക്ഷയെഴുതുന്നത് ?
മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തിൽ 2964 കേന്ദ്രങ്ങളിലായി 425861 കുട്ടികളും ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 682 കുട്ടികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 447 കുട്ടികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരീക്ഷാപ്പേടിയുള്ള കുട്ടികളോട് പറയാനുള്ളത്?
പേടി വേണ്ട. എസ്.എസ്.എൽ.സി പരീക്ഷ ബാലികേറാമലയല്ല. മാനസികസമ്മർദ്ദവും പരീക്ഷത്തലേന്നുള്ള വെപ്രാളവും പെർഫോമൻസിനെ ദോഷകരമായി ബാധിക്കും. പരീക്ഷയെ ലാഘവബുദ്ധിയോടെ കാണണമെന്നല്ല ഇതിനർത്ഥം. ജാഗ്രതയോടെയും ചിട്ടയോടയുമുള്ള തയാറെടുപ്പു മതി. ശാന്തമായി പാഠങ്ങൾ ഹൃദിസ്ഥമാക്കുക, മനസിലാക്കി പഠിക്കുക. സ്കീമിന് പുറത്തുനിന്ന് ഒരു ചോദ്യവും ചോദിക്കില്ല.
രക്ഷിതാക്കൾക്കുള്ള സമ്മർദ്ദമാണോ കുട്ടികളിലേക്കും വ്യാപിക്കുന്നത്?
അതാണ് യാഥാർത്ഥ്യം. പല രക്ഷിതാക്കളും കുട്ടികൾക്ക് അമിതസമ്മർദ്ദവും പിരിമുറുക്കവും നൽകുന്നുണ്ട്. ശാന്തമായ പഠനാന്തരീക്ഷം സജ്ജമാക്കി കൊടുക്കുകയാണ് പ്രധാനം. കുട്ടികൾ സ്വസ്ഥമായി പഠിക്കട്ടെ. പിരിമുറുക്കം അവരുടെ യഥാർത്ഥ കഴിവ് പുറത്തെടുക്കുന്നതിന് തടസമാണ്. ഇത് രക്ഷിതാക്കൾ തിരിച്ചറിയണം.
കുട്ടികളുടെ പിരിമുറുക്കം ഒഴിവാക്കാൻ അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ?
പഠനാനുബന്ധ പ്രവർത്തനങ്ങൾ, അറ്രൻഡൻസ് തുടങ്ങിയവയുടെ പേരിലൊന്നും കുട്ടികളെ സമ്മർദ്ദത്തിലാക്കാനോ ഭയപ്പെടുത്താനോ പാടില്ലെന്ന് അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |