
തിരുവനന്തപുരം : എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈസി വാക്കോവർ ആയിരുന്നില്ല. ഉയർന്ന പഠനനിലവാരം പുലർത്തുന്ന കുട്ടികൾ പോലും ചിന്തിച്ച് എഴുതേണ്ട ചോദ്യങ്ങൾ. മലയാളി മെമ്മോറിയൽ - ഈഴവ മെമ്മോറിയൽ എന്നിവയെക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യത്തിൽ വർഷങ്ങളുടെ കാര്യത്തിൽ കുട്ടികൾക്ക് സംശയമുണ്ടായി. ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കാൻ ബുദ്ധിമുട്ടാകും. ചരിത്രം, ഭൂമിശാസ്ത്രം സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതതന്ത്രം, സോഷ്യോളജി, പൗരധർമ്മം എന്നീ മേഖലകളിലുള്ള ചോദ്യങ്ങളെല്ലാം ഉൾപ്പെട്ടതായിരുന്നു സാമൂഹ്യശാസ്ത്രം പരീക്ഷ. ഭൂപടവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ പഠനവിഭാഗത്തിലുള്ള കുട്ടികൾക്കും എളുപ്പമായിരുന്നു.
മൾട്ടിപ്പിൾ ചോയിസിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല എന്ന ചോദ്യം കുട്ടികളിൽ പലരും ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാല എന്നർത്ഥത്തിൽ ഓപ്ഷനിലെ ആദ്യ ചോയ്സ് ആയ ജംഷദ്‌പൂർ എന്ന് ഉത്തരമെഴുതിയിട്ടുണ്ട്.
ഉപഭോക്തൃ വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുന്ന ഉപഭോക്തൃ ശീലങ്ങൾ ഏതെല്ലാം? ആരോഗ്യം എന്നാലെന്ത്? നിർവചിക്കുക തുടങ്ങിയ ചോദ്യങ്ങൾ പാഠഭാഗങ്ങളിലെ അപ്രധാന ഭാഗങ്ങളിൽ നിന്നുള്ളതായിരുന്നു. ഇത് ശരാശരി നിലവാരത്തിലും താഴെ നിൽക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചു. മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യകാല സമരങ്ങൾ ഏതെല്ലാം എന്ന സ്ഥിരം ചോദ്യം പ്രതീക്ഷിച്ചവർക്ക് ഒരു പടികൂടി കടന്ന് ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളുടെ ഫലങ്ങൾ വിശദീകരിക്കുക എന്നതായിരുന്നു ലഭിച്ചത്. നാല് മാർക്കിനുള്ള പൗരബോധം രൂപപ്പെടുത്തുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങളെക്കുറിച്ച് വിശദമാക്കുക എന്ന ചോദ്യം മോഡൽ പരീക്ഷയ്ക്കും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. മോഡൽ പരീക്ഷയിലെ ചോദ്യങ്ങളെ ബന്ധപ്പെടുത്തിയുള്ളവ കുട്ടികൾക്ക് ആശ്വാസം പകർന്നു.
□രഞ്ജിത് വെള്ളല്ലൂർ
എച്ച്.എസ്.ടി സോഷ്യൽ സയൻസ്
ഗവ എച്ച്. എസ്. എസ്.
കിളിമാനൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |