SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

പരീക്ഷാപ്പേടി പടിക്ക് പുറത്ത്; പുഞ്ചിരിയോടെ എസ്.എസ്.എൽ.സി ആദ്യ പരീക്ഷയ്ക്ക് തുടക്കം

p

തിരുവനന്തപുരം: ലക്ഷക്കണക്കിന് കുട്ടികൾക്ക് ആശ്വാസമായി ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷക്കാലത്തിന് മധുരമായ തുടക്കം. ആദ്യ ദിനമായ ഇന്നലെ നടന്ന മലയാളം ഒന്നാം പേപ്പർ പരീക്ഷ അക്ഷരാർത്ഥത്തിൽ കുട്ടികൾക്ക് 'എളുപ്പപ്പരീക്ഷ'യായിരുന്നു. മാസങ്ങളായുള്ള തയ്യാറെടുപ്പുകൾക്കൊടുവിൽ ആദ്യ പരീക്ഷയുടെ കടമ്പ ആത്മവിശ്വാസത്തോടെ മറികടന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.

ആദ്യ പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിഞ്ഞത് കുട്ടികളുടെ മാനസിക സമ്മർദ്ദം പകുതിയോളം കുറച്ചിട്ടുണ്ട്. 40 മാർക്കിന്റെ പരീക്ഷയിൽ മികച്ച സ്കോർ തന്നെ നേടാൻ കഴിയുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. പരീക്ഷാ സീസൺ തുടങ്ങുമ്പോഴുള്ള ഭയത്തെ പടിക്കു പുറത്താക്കി, വിജയപ്രതീക്ഷയോടെ വരും ദിവസങ്ങളിലെ പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണിവർ.

 ആശ്വാസം നൽകിയ ചോദ്യപ്പേപ്പർ

പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങിയ കുട്ടികളുടെ മുഖത്തെ ചിരി തന്നെയായിരുന്നു പരീക്ഷയുടെ ഫലം. പാഠഭാഗങ്ങളിൽ നിന്ന് നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു അധികവും. 'റെസിഡന്റ് എഡിറ്റർ' എന്ന കഥയെ ആസ്പദമാക്കി പത്രമാദ്ധ്യമ രംഗത്തെ പ്രവണതകളെക്കുറിച്ചുള്ള ചോദ്യവും, വൈലോപ്പിള്ളിയുടെ 'ഓണം' കവിതയിലെ ആസ്വാദനവും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. മാതൃഭാഷ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഉപന്യാസം വെറുമൊരു പരീക്ഷാചോദ്യം എന്നതിലുപരി, ഇന്നത്തെ തലമുറ സ്വന്തം ഭാഷയെ എങ്ങനെ കാണുന്നു എന്ന ചിന്ത കൂടി പങ്കുവയ്ക്കുന്നതായിരുന്നു. പദപ്രയോഗങ്ങളും വാക്യഘടനയും സംബന്ധിച്ച ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ള കുട്ടികൾക്കും എളുപ്പത്തിൽ ഉത്തരം നൽകാൻ സാധിക്കുന്നവയായിരുന്നു.

പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ പുറത്തുവന്ന മക്കളെ കണ്ടപ്പോൾ സ്കൂൾ ഗേറ്റുകൾക്ക് പുറത്ത് കാത്തുനിന്ന രക്ഷിതാക്കളിലും ആത്മവിശ്വാസം നിറഞ്ഞു.

പഠിച്ച ഭാഗങ്ങളിൽ നിന്നു മാത്രമാണ് പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടായിരുന്നത്. വരും പരീക്ഷകളിലും ചോദ്യങ്ങൾ സരളമായാൽ കൂടുതൽ മാർക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ

ലിയോ

പത്താം ക്ലാസ് വിദ്യാർത്ഥി

സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ

പരീക്ഷ എളുപ്പമുള്ളതായിരുന്നു. കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. മാതൃഭാഷയെക്കുറിച്ച് ഏഴു മാർക്കിനുള്ള ഉപന്യാസം നിരവധി തവണ പഠിച്ചതായതിനാൽ കുട്ടികൾക്ക് ആശ്വാസമായിരുന്നു.

മായ

മലയാളം അദ്ധ്യാപിക

എസ്.കെ.വി.വി.എച്ച്.എസ്.എസ് തൃക്കണമംഗൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA