SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

പൊറുതികെടുത്തി തെരുവുനായ,​ 5 വർഷത്തിനിടെ കടിച്ചത് 12.93 ലക്ഷം പേരെ,​ അധികം കടിയേറ്റത് തിരുവനന്തപുരത്ത്

READ ENGLISH VERSION
dog1

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്. 2024ൽ മാത്രം 3,16,793 പേരെ കടിച്ചു. 2020ൽ 1,60,483 ആയിരുന്നു. അഞ്ചു വർഷവും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് കടിയേറ്റത് - ആകെ 1,94,076 പേർക്ക്.

2020 - 2024 കാലയളവിൽ പേവിഷബാധയേറ്റ് 94 പേർ മരിച്ചു. 2024ൽ മാത്രം 26 പേർ മരിച്ചു. മരണക്കണക്കിൽ തിരുവനന്തപുരവും കൊല്ലവുമാണ് മുന്നിൽ. നാല് വർഷത്തിനിടെ 16 മരണം വീതം. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്‌ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ.

തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു വർഷത്തിനിടെ ലഭിച്ചത് 8,246 പരാതികൾ. 1,063എണ്ണം ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ തീർപ്പാക്കി. 8,70,32,638 രൂപ നഷ്ടപരിഹാരം നൽകി. കൂടുതൽപേർ നഷ്ടപരിഹാരം നേടിയത് എറണാകുളം ജില്ലയിലാണ്- 212 പേർ.

 വിനയായത് നിസംഗത

സർക്കാരിന്റെ സർക്കുലറുകളും നിർദ്ദേശങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ഗൗരവത്തിലെടുക്കാത്തതാണ് തെരുവുനായ ആക്രമണം വർദ്ധിക്കാൻ കാരണം. വന്ധ്യംകരണം (എ.ബി.സി), അഭയ കേന്ദ്രമൊരുക്കൽ, ലൈസൻസ് തുടങ്ങിയവയിലാണ് നടപടിയാകാത്തത്. പേവിഷബാധ നിയന്ത്രിക്കാൻ പഞ്ചായത്ത് ഡയറക്ടർ 2022 ആഗസ്റ്റ് 26ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സർക്കുലർ നൽകിയിരുന്നു.

സ്ഥലമില്ലാത്തതിനാൽ ഷെൽട്ടർ ഒരുക്കാനാകുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിശദീകരണം. ഷെൽട്ടറൊരുക്കാൻ ഒരുലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് നീക്കിവയ്‌ക്കണമെന്നാണ് നിർദ്ദേശം. വളർത്തുമൃഗങ്ങൾക്കുള്ള വാക്‌സിനേഷൻ സർട്ടിഫിക്കേഷൻ പലയിടത്തും മുടങ്ങിയിട്ടും രണ്ടു വർഷത്തിലേറെയായി.


എ.ബി.സി പദ്ധതി

തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോളിന് (എ.ബി.സി) തുടക്കമിട്ടത്. വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം തിരിച്ചുവിടുകയും ചെയ്യും. പലയിടത്തും നടപ്പായതുപോലുമില്ല.പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കാൻ എല്ലാ പഞ്ചായത്തിലും രണ്ട് ഷെൽട്ടർ ഹോം വീതം തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതും നടപ്പായിട്ടില്ല.

തെരുവു നായയുടെ കടിയേറ്റവർ
(വർഷം, എണ്ണം, മരിച്ചവർ, തിരുവനന്തപുരത്ത് കടിയേറ്റവർ)

 2020----- 1,60,483----05-----25,739

2021----- 2,21,379-----11------31,806

2022----- 2,88,866----- 27----- 41,335

2023-----4,03,427----- 25-----44,326

2024----- 3,16,793-----26----- 50,870

തെരുവുനായ ആക്രമണം (ജില്ല, 2024ലെ എണ്ണം എന്ന ക്രമത്തിൽ) തിരുവനന്തപുരം----- 50,870 കൊല്ലം ----- 37,618 പത്തനംതിട്ട ----- 15,460 ആലപ്പുഴ ----- 27,726 കോട്ടയം ----- 23,360 ഇടുക്കി ----- 10,003 എറണാകുളം ----- 32,086 തൃശൂർ ----- 29,363 പാലക്കാട് ----- 31,303 മലപ്പുറം ----- 11,143 കോഴിക്കോട് ----- 18,472 വയനാട് ----- 5,719 കണ്ണൂർ ----- 15,418 കാസർകോട് ----- 8,252

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STREETDOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA